ഉന്നതനേ! വന്നടിയാരെ

ഉന്നതനേ! വന്നടിയാരെ വീണ്ടെടുത്ത നാഥാ!

നിന്നെയല്ലാതൊന്നുമെങ്ങൾക്കേതുമിഷ്ടമാകാ

നിന്നുയിരെ തന്നരിയെവെന്നു വീണ്ടെടുപ്പാൻ

നീ കനിഞ്ഞതോർത്തു ഞങ്ങൾ കീർത്തനങ്ങൾ പാടും

 

നിന്മഹിമയോതുവതിനിമ്മാനവർക്കസാദ്ധ്യം

വാനവർക്കുമത്ഭുതമാം നിൻ പ്രവർത്തനങ്ങൾ

നിൻ ദയയോ സിന്ധുസമം എന്തതീതം നാഥാ!

ചിന്ത ചെയ്യുന്തോറുമേതുമന്തമില്ലയൊന്നും

 

നിന്നരികേ വന്നൊരുവരും ലജ്ജിതരായില്ല

നിങ്കലേക്കു നോക്കിയോർ പ്രശോഭിതരായല്ലോ

നിന്മുഖമോ സുന്ദരമേ കണ്ടുകൺകുളിർത്തും

നിൻവചനം കേട്ടുകൊണ്ടുംനാൾകഴിക്കുമെങ്ങൾ

 

കൺമണി പോൽ കരുതി ദിനവും കാത്തിടുന്നു നാഥാ!

നിൻജനമാമെങ്ങളെ നീ എത്ര ഭദ്രമായി

നീ വരുമേ അന്നുവരെ നിന്നെയോർത്തു പാർക്കും

പിന്നെ നിന്നോടൊന്നു ചേർന്നു വാഴുമെങ്ങളെന്നും

 

ഹല്ലേലുയ്യാ ചൊല്ലിയടിയർ വാഴ്ത്തിടുന്നു നാഥാ!

അല്ലലെല്ലാം തീർന്നു തെല്ലുമില്ല ചഞ്ചലം ഹാ!

നല്ലവനേ! വല്ലഭനേ! ഉള്ളകാലമെല്ലാം

നിന്നിലെങ്ങളുല്ലസിച്ചു ഹല്ലേലുയ്യാ പാടും.