ക്രിസ്തീയ ഗാനാവലി

സൗജന്യ മലയാളം ക്രൈസ്തവ റിസോര്‍സ് വെബ്‌സൈറ്റ് ദൈവത്തിന്‍റെ സ്വന്തം ഭാഷ  (GodsOwnLanguage.com) ക്രൈസ്തവ കൈരളിക്കായി അണിയിച്ചൊരുക്കിയ മലയാളം 'ക്രിസ്തീയ ഗാനാവലി'യിലേക്ക് സ്വാഗതം!

മലയാള ക്രൈസ്തവ കൈരളി പാടി ആരാധിച്ചതായ പഴയതും, പുതിയതുമായ ആയിരത്തില്‍ പരം ഗാനങ്ങളുടെ വരികള്‍ ഇപ്പോള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ വിവിധ പാട്ട്പുസ്തകങ്ങള്‍, ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനങ്ങള്‍ രചിക്കാന്‍ ഇടയായ സന്ദര്‍ഭം എന്നിവയും ലഭ്യമാണ്. കൂടുതല്‍ ഗാനങ്ങള്‍ വരും ദിനങ്ങളില്‍ ലഭ്യമാക്കും.

ഈ സേവനം തികച്ചും സൗജന്യമാണ്. ഈ പ്രവര്‍ത്തനത്തിലേക്കായി ഗാനങ്ങളുടെ വരികള്‍ നല്‍കി സഹായിച്ച ഏവരെയും ഞങ്ങള്‍ നന്ദി പുരസ്സരം അനുസ്മരിക്കുന്നു. നിങ്ങളുടെ പക്കല്‍ ഉള്ള ഗാനങ്ങളുടെ വരികള്‍, ഗാനരചയിതാക്കളുടെ ജീവചരിത്രം, ഗാനസന്ദര്‍ഭങ്ങള്‍ എന്നിവ ഞങ്ങള്‍ക്ക് അയക്കുക, ഞങ്ങള്‍ അത് ഈ വെബ്സൈറ്റില്‍ നിങ്ങളുടെ പേരില്‍ ചേര്‍ക്കുന്നതാണ്. ഇമെയിൽ അയക്കേണ്ട വിലാസം - info@kristheeyagaanavali.com.

'ക്രിസ്തീയ ഗാനാവലി'യുടെ പിന്നണി പ്രവര്‍ത്തകര്‍.

മലയാളം പാട്ടുപുസ്തകം

വിദേശ മിഷണറിമാർ പാശ്ചാത്യഗാനങ്ങൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടാണ് മലയാള ക്രൈസ്തവർ ആരാധനയിലും മറ്റും ഗാനങ്ങൾ പാടുവാൻ തുടങ്ങിയതെന്നാണ് പരക്കെയുള്ള ധാരണ. നാമിന്നു കാണുന്ന രീതിയിലുള്ള ഗാനങ്ങളുടെ ഉപയോഗം ഒരു പരിധി വരെ അപ്രകാരമാകാനാണ് സാധ്യതയും. അപ്പോൾതന്നെ വേദപുസ്തകം മലയാളത്തിൽ ലഭ്യമാകുന്നതിനു മുമ്പ് തന്നെ (1811നും മുമ്പ്) ശുഷ്കമായെങ്കിലും കേരള ക്രൈസ്തവർ ഗാനങ്ങൾ പാടിയിരുന്നിരിക്കണം.  ഗാനങ്ങൾ ശേഖരിച്ചുവെക്കുവാനുള്ള ബുദ്ധിമുട്ട് തീർച്ചയായും അപ്രകാരം താത്പര്യം കാണിച്ചിരുന്നവരെ നിരുത്സാഹപ്പെടുത്തിയിരുന്നിരിക്കണം. ഇനി അങ്ങനെ ശേഖരിച്ചിരുന്നെങ്കിൽ തന്നെ ആ ശേഖരം ഇന്ന് ലഭ്യമാകാനുള്ള സാധ്യതയും തുലോം കുറവാണ്. ചരിത്രപഠനത്തിൽ തത്പരരായ നമ്മുടെ സഹോദരങ്ങൾ ആരെങ്കിലും അപ്രകാരമുള്ള പഠനങ്ങൾ നടത്തിയിരുന്നെങ്കിൽ നന്നായിരുന്നു.

പാശ്ചാത്യരുടെ വരവോടെ അച്ചടിവിദ്യയും മലയാളം സ്വായത്തമാക്കി. അതോടെ മറ്റ് പുസ്തകങ്ങളോടൊപ്പം പാട്ടുപുസ്തകങ്ങളും ലഭ്യമായി തുടങ്ങി. ആദ്യമാദ്യം പാശ്ചാത്യഗാനങ്ങളുടെ പരിഭാഷാ ഗാനങ്ങളാണ് നമുക്ക് ലഭിച്ചതെങ്കിൽ പിന്നീട് സ്വദേശീയരായ അനുഗ്രഹീത ഗാനകർത്താക്കൾ അവിടിവിടെയായി എഴുന്നേൽക്കുകയും നമ്മുടെ തനതായ ഈണങ്ങളിലും രാഗങ്ങളിലുമുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തി തുടങ്ങി. ഇത്തരുണത്തിൽ, യൂസ്തുസ് യോസഫ് എന്ന ഗാനരചയിതാവിനെ നാം നന്ദിയോടെ സ്മരിക്കേണ്ടിയിരിക്കുന്നു. തുടർന്ന് വിദ്യാസമ്പന്നരും വിദ്യാവിഹീനരുമായ പലരും ആത്മപ്രേരിതരായി അനുഭവങ്ങളിൽ ചാലിച്ച നിരവധി ഗാനങ്ങൾ രചിച്ച് ക്രൈസ്തവ കൈരളിയെ സമ്പന്നമാക്കി. പാട്ടുകൾ നമ്മുടെ ആരാധനകളിൽ അവിഭാജ്യമായ ഒരു ഘടകമായി മാറുകയും ചെയ്തു.​​​

 

കഴിഞ്ഞ ഒന്നര ശതാബ്ദത്തിനിടയിൽ വലുതും ചെറുതുമായ അനവധി പാട്ടുപുസ്തകങ്ങൾ നമുക്ക് ലഭിക്കുകയുണ്ടായി. അവയിൽ ചിലത് പ്രചുര പ്രചാരം നേടുകയും, പാട്ടുകളെ പ്രചരിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിൽ സ്തുത്യർഹമായ സേവനം ചെയ്തും പോന്നു. ആത്മീയഗീതങ്ങളും, സീയോൻ ഗീതാവലിയുമൊക്കെ ക്രൈസ്തവ ഭവനങ്ങളിലും സഭകളിലും വേദപുസ്തകത്തിനൊപ്പം സ്ഥാനം പിടിക്കുകയും ചെയ്തു.

പാട്ടുകളുടെ ഈണങ്ങൾ കൂടി ചേർത്ത് വെച്ചുള്ള പാട്ടുപുസ്തകങ്ങൾ ചിലതിറങ്ങിയെങ്കിലും, സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചവർ നമുക്കിടയിൽ കുറവായതിനാലും ഈണങ്ങൾ വാച്യരൂപേണ പകരപ്പെടുന്ന രീതിക്ക് പ്രാമുഖ്യം ഉണ്ടായതിനാലും അത്തരം പാട്ടുപുസ്തകങ്ങളുടെ ഉപയോഗം വിരളം മാത്രമായിരുന്നു. ആയതിനാൽ തന്നെ പല പാട്ടുകളുടേയും ഈണങ്ങൾ കാലക്രമേണ നമുക്ക് നഷ്ടപ്പെട്ടുപോകുവാനുമിടയായി. ദുഃഖകരമായ ഈ അവസ്ഥയ്ക്ക് കുറേയെങ്കിലും മാറ്റമുണ്ടായത് കാസറ്റുകൾക്ക് പ്രചാരമേറിയപ്പോൾ മുതലാണ്. പല പാട്ടുകളും ഇപ്രകാരം സംരക്ഷിക്കപ്പെട്ടു. എന്നാൽ നിർമ്മാണത്തിനുള്ള ചെലവും, ഒരു കാസറ്റിൽ ഉൾപ്പെടുത്താനാവുന്ന പാട്ടുകൾക്കുള്ള പരിമിതിയും കാരണം പല ഗാനങ്ങളും ഈ ഘട്ടത്തിലും കൈവിടപ്പെട്ടുപോകുകയാണുണ്ടായത്. ഈ ഡിജിറ്റൽ യുഗത്തിൽ നമുക്ക് പുതിയൊരവസരമാണ് കൈവന്നിരിക്കുന്നത്.

ഈ പ്രൊജക്റ്റിലെ പങ്കാളികള്‍

  1. മലയാള ഭാഷയെ സ്നേഹിക്കുന്ന ഒരു കൂട്ടം സന്നദ്ധപ്രവർത്തകർ
  2. ഡിജിറ്റല്‍ ക്രിസ്ത്യന്‍ ലൈബ്രറി 
  3. ദൈവത്തിന്‍റെ സ്വന്തം ഭാഷ (God's Own Language)
  4. ക്രൈസ്തവ എഴുത്തുപുര
  5. റാഫാ റേഡിയോ 

 

Banner