രക്ഷകാ! നിൻ ആടുകളിൻ

രക്ഷകാ! നിൻ ആടുകളിൻ

മുമ്പിൽ നടക്കേണമേ

ലോകത്തിൽ ഈ സാധുക്കളിൻ

ശരണം നീ മാത്രമേ

നല്ല മേച്ചിൽ തന്നിടേണം

ദിനംതോറും യേശുവേ!

 

നിന്റെ ജനത്തിൻമേൽ

പാപം ഒട്ടും ഭരിക്കരുതേ

സീനായ്മലയുടെ ശാപം

ആയതിൽ പെടരുതേ

കൃപയിൽ നീ കാത്തുകൊൾക

നീ വീ‍ണ്ടെടുത്തവരെ

 

ദൈവഭക്തിയുടെ വേഷം

ലോകർ ധരിച്ചിടുന്നു

അതിൻ ശക്തിയോ അശേഷം

തള്ളിക്കളഞ്ഞിടുന്നു

സത്യത്തിൽ നീ കാത്തുകൊൾക

ഞങ്ങൾ ഞരങ്ങിടുന്നു

 

സത്യത്തിലും ആത്മാവിലും

ദൈവത്തിന്നു വന്ദനം

ചെയ്‌വാൻ എല്ലാ നേരത്തിലും

ആത്മദാനം തരേണം

യേശുവേ! നീ മദ്ധ്യത്തിങ്കൽ

എല്ലായ്പ്പോഴും വരേണം

 

സാത്താൻ വെളിച്ചത്തിൻ ദൂതൻ

എന്നപോലെ അടുത്താൽ

നിന്നെ അറിയാത്ത മൂഢൻ

ഞങ്ങൾക്കെതിർത്തു നിന്നാൽ

വീഴാതെ നീ കാത്തുകൊൾക

നിൻ വിശുദ്ധരുടെ കാൽ

 

അഗ്നിയിലും വെള്ളത്തിലും കൂടി

നീ കടത്തുമ്പോൾ

ഉടൻ നിൻ തോളുകളിലും

ഞങ്ങളെ ചുമന്നുകൊൾ

ഭയം വേണ്ടാഞാനാകുന്നു

എന്നു കനിവോടു ചൊൽ

 

നോഹയുടെ പ്രാവിനോടു

തുല്യരാകും ഞങ്ങൾക്കു

വാസം താ നിൻ അകത്തു

യേശുവേ! നീ ഒളിപ്പിക്ക

ഞങ്ങളെ നിൻ മാറത്തു

 

സ്നേഹത്തിന്റെ അഗ്നിജ്വാല

ഉള്ളിൽ ജ്വലിപ്പിക്കുകേ

ആത്മഫലങ്ങളിൻ മാല

ഭംഗിക്കായ് കെട്ടേണമേ

അന്ത്യത്തോളം കാത്തുകൊൾക

നിന്റെ ആട്ടിൻകൂട്ടത്തെ.