പരനേശുവേ കരുണാനിധേ!

പരനേശുവേ കരുണാനിധേ!

വരമേകുക ദമ്പതികൾ

ക്കരുളണമേ കൃപയെ ദിനംപ്രതി

മാരിപോൽ ദൈവജാതാ

 

തവദാസരാമിവരൈക്യമത്യമോടെ

വസിച്ചിടുവാനും

അവസാനകാലമണഞ്ഞിടും വരെ

പ്രീതിയിൽ മേവതിന്നും

 

പരമാവിയാലിവരെ നിറയ്ക്ക

മഹോന്നതനേ ദിനവും

തിരുനാമകീർത്തി സദാ നിനച്ചു

തങ്ങൾ വസിച്ചിടുവാനും

 

പരനേശു തൻ പ്രിയയായ്

തിരുസഭയെ വരിച്ചായതിന്നായ്

മരണം സഹിച്ചതുപോലീദാസൻ

തൻപത്നിയെ ചേർത്തുകൊൾവാൻ

 

തവ ദാസിയാമിവളും അനുസരിച്ചിടണം

നിത്യവും തൻ

ധവനെ പുരാ സാറയും

അബ്രാമിനെയെന്നപോൽ മോദമോടെ

 

പല മാറ്റവും മറിവും നിറഞ്ഞ

ലോകേയിവർ നിത്യവും നിൻ

അലിവേറ്റമുള്ളവയാം ചിറകടി

ചേർന്നു സുഖിപ്പതിന്നും.