നിൻ സന്നിധിയിൽ ദൈവമേ!

നിൻ സന്നിധിയിൽ ദൈവമേ!

പൂർണ്ണസന്തോഷം പൂർണ്ണഭാഗ്യമേ

ലോകത്തിൻ ഇമ്പങ്ങളാൽ ശോകം വർദ്ധിക്കുന്നിതാ

രാഗങ്ങൾ ദേഹത്തിലും രോഗങ്ങൾ ആത്മാവിലും

 

മാൻ വെള്ളത്തെ കാംക്ഷിക്കും പോൽ നിന്നെ

വാഞ്ഛിച്ചിടുന്നെൻ ആത്മാവു

താണഹൃദയമതിൻ ആനന്ദമാകുന്ന നീ

വാണുകൊണ്ടിരിക്ക എൻ പ്രാണ നാഥനേ! എന്നിൽ

 

സൃഷ്ടിയിലല്ലെൻ സ്വസ്ഥത എന്റെ

സൃഷ്ടാവാം നിന്നിൽ മാത്രമേ

ദുഷ്ടനല്ലാത്ത നീയരിഷ്ട ഹൃദയത്തിൽ നിൻ

നിഷ്കളങ്ക സന്തോഷം ഇഷ്ടംപോൽ പകരുന്നു

 

സത്യമായ് ഏകദൈവമാം നിന്നിൽ

മദ്ധ്യസ്ഥനാം ക്രിസ്തുവിനാൽ

ഭൃത്യനു പരിപൂർണ്ണ സത്യസമാധാനവും

മൃത്യുവിനെ വിഴുങ്ങും നിത്യജീവനുമുണ്ട്

 

പുത്രത്വത്തിന്റെ സാക്ഷിക്കായ് എന്നെ മുദ്രയിട്ടാവി മൂലം നീ

എത്ര പകച്ചോ നിന്നെ അത്ര നീ സ്നേഹിച്ചെന്നെ

മിത്രവുമാക്കി നിൻ വിചിത്രമാം വാത്സല്യത്തിൽ

 

അഞ്ചിന്ദ്രിയങ്ങൾ വഴിയായ് ഈ

പ്രപഞ്ചം നിൻസ്നേഹത്തിൽ നിന്നു

വഞ്ചിപ്പാൻ എന്നെ ഓരോ തഞ്ചം അന്വേഷിച്ചാൽ നിൻ

നെഞ്ചിൽ മറയ്ക്കയെന്നു കെഞ്ചി യാചിച്ചിടുന്നു

 

നിന്നിൽ എൻ വാസം ആകേണം ഇല്ല

എന്നിൽ വേറൊരു കാംക്ഷയും

വിണ്ണിൽ നീയെന്റെ വിണ്ണും മന്നിൽ നീയെന്റെ പൊന്നും

മിന്നുമെൻ രത്നക്കല്ലും ഇന്നും എന്നേക്കും ആമേൻ.