മാറാത്ത സ്നേഹിതൻ

മാറാത്ത സ്നേഹിതൻ മാനുവേൽ തൻതിരു

മാറിടം ചാരിടും ഞാൻ ദിനവും

പാരിടമാകവേ മാറിടും നേരവും

ചാരിടാൻ തൻതിരു മാറിടമാം

 

ഖേദമെന്നാകിലും മോദമെന്നാകിലും

ഭേദമില്ലാത്തൊരു സ്നേഹിതനാണവൻ

മേദിനിയിൽ വേദനകൾ

ഏതിനമൊക്കെയെന്നറിഞ്ഞോൻ

 

നിത്യതയോളവും സത്യകൂട്ടാളിയായ്

ക്രിസ്തനല്ലാതെയില്ലാരുമീ ഭൂമിയിൽ

മൃത്യുവിനാൽ മാറുമത്രേ

മിത്രമായാലും മർത്യരെല്ലാം

 

ഭാരങ്ങളേറുമീ പാരിൽ നാൾതോറുമെൻ

ഭാരം ചുമന്നിടും കർത്തനാണേശു താൻ

ആത്മപ്രിയൻ നല്ലിടയ

ന്നാർദ്രതയെന്നെ പിന്തുടരും

 

ആകെയിളകിടും ലോകമിതേകിടും

ആകുലവേളകൾ ഭീകരമാകുമോ?

ഹല്ലേലുയ്യാ! ഹല്ലേലുയ്യാ!

പാടുമെൻ ജീവകാലമെല്ലാം.