ക്രിസ്തേശു നാമമഹോ!

ക്രിസ്തേശു നാമമഹോ! നിരന്തര വിശ്രാമമേ എനിക്കു

 

പാരം പരിഭ്രമപ്പെട്ടു വലഞ്ഞുള്ള

പാപികൾക്കാസകലം

പരിതോഷവുമാത്മവിമുക്തിയു

മേകിയ നാമമിത സതതം

 

പാപം വഹിച്ചവൻ ശാപം സഹിച്ചു വൻ

ക്രോധവുമേറ്റതിവൻ ദേവ

നീതിക്കു ശാന്തത നൽകിയരിഷ്ടരിൻ

ശോകവും പേറിയവൻ

 

താതന്റെ മാനസമാരിൽ

പ്രസാദിക്കുമായവനാണിനിമേൽ

എനിക്കാനന്ദമേകുന്ന

ദിവ്യപുരുഷനെന്നായതു ഞാനറിവൂ

 

ശക്തിയരുളുന്ന ക്രിസ്തുവിൻ

സാന്നിദ്ധ്യമെപ്പൊഴുമത്യധികം മമ

വ്യക്തമറിയുന്നു തൃപ്തി

നിറയുന്നിതുത്തമമാണെനിക്ക്

 

ദേവസവിധത്തിൽ നിന്നു കവിഞ്ഞൊഴുകിടുന്ന

വൻകൃപകൾ അനുവാസരമാസ്വദിക്കുന്നിതു

ക്രിസ്തുവിൽ ആവസിപ്പോരധികം

 

തന്നുടെ പൊന്നുകരങ്ങളെല്ലാറ്റിലും

കാണുവതേറെ സുഖം തന്റെ

യുന്നതനാമത്തിലാശ്രയിപ്പോരതി

ധന്യരെല്ലാ ദിനവും

 

ഒന്നുകൊണ്ടുംപുനരീയുലകം മമ

വാഞ്ഛിതമായിവരാ പര

മോന്നത നന്ദനനെന്നഭിലാഷമ-

തായിവസിപ്പതിനാൽ.