എത്ര നല്ലോരിടയനെൻ യേശു നസറേശൻ!

എത്ര നല്ലോരിടയനെൻ യേശു നസറേശൻ!

നിത്യവുമെൻ മുട്ടുകളെ തീർത്തിടുന്നോരീശൻ!

 

പച്ചമേച്ചിൽ സ്ഥലങ്ങളിൽ ഞാൻ നടന്നു മേയും

ശാന്തമായ വെള്ളം കുടിച്ചാനന്ദിച്ചു തുള്ളും

 

ആകുലമശേഷം നീക്കി പ്രാണനെയെന്നാഥൻ

ആദരവായ് തണുപ്പിക്കുന്നേശു നസറേശൻ

 

നീതിപാതയറിഞ്ഞു ഞാൻ സഞ്ചരിക്കുന്നിപ്പോൾ

ഭീതിയില്ല, കൂരിരുളിൻ താഴ്വരയിൽ പോലും

 

തൻവടിയും കോലുമെന്നെയാശ്വസിപ്പിക്കുന്നു

ശത്രുവിൻ മുമ്പെനിക്കവൻ മേശയൊരുക്കുന്നു

 

എന്നുടെ തലയിലെണ്ണ തിങ്ങിയൊഴുകുന്നു

ഞാൻ കുടിക്കും പാത്രമോ നിറഞ്ഞു കവിയുന്നു

 

നന്മയും കൃപയുമെന്നെ തേടി വരുമെന്നും

ദൈവഭവനത്തിൽ വാഴും ദീർഘകാലമീ ഞാൻ.