ദൈവസുതദർശനമെന്താനന്ദം വർണ്ണിക്കാവതോ

ദൈവസുതദർശനമെന്താനന്ദം വർണ്ണിക്കാവതോ

ദൈവസുതദർശനമെന്താനന്ദം

 

പൊൻനിലവിളക്കുകളേഴിനും നടുവിൽ

വെൺനിലയങ്കിധരിച്ചു

മാറത്തു പൊൻകച്ച നിബന്ധിച്ചവനായി

വിളങ്ങിടും സുന്ദരമാം രൂപം

 

ചികുരവും ശിരസ്സും വെൺപഞ്ഞിസമാനം

ധവളമാം മഞ്ഞിനോടൊപ്പം

പേശലനയനമതഗ്നിജ്ജ്വാലയ്ക്കൊത്തൊ

രീശസുതൻ രൂപം കാണ്മീൻ

 

ചരണങ്ങലുലയതിൽ ചുട്ടു പഴുപ്പിച്ച

ചേലെഴും വെള്ളോട്ടിൻ സമമാം

പെരുവെള്ളത്തിന്നിരച്ചിൽ പോലവൻ ശബ്ദം

അലമലമിയലാത്ത രൂപം

 

ശക്തമായ് ശോഭിക്കുമിനസമവദനൻ

വലങ്കരം തന്നിലേഴുതാരം

ചേർച്ചയായ് പുറപ്പെടുന്നിര‍ുവായ്ത്തലയുള്ള വാൾ

അവൻ മുഖമർക്കബിംബം പോലെ

 

മരിച്ചവനെങ്കിലുമുയിർത്തെഴുന്നേറ്റു

മരണപാതാളങ്ങളെ വെന്നു

നിരുപമതേജസ്സിൽ വിളങ്ങിടും നാഥനെൻ

അരുമ മണവാളനെന്നും.