ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു

ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു

വിശ്വാസക്കണ്ണാൽ ഞാൻ നോക്കിടുമ്പോൾ

സ്നേഹമേറിടുമെൻ രക്ഷകൻ സന്നിധൗ

ആനന്ദക്കൂട്ടരെ കാണുന്നല്ലോ

 

ആമോദത്താൽ തിങ്ങി ആശ്ചര്യമോടവർ

ചുറ്റും നിന്നും സ്തുതി ചെയ്തിടുന്നു

തങ്കത്തിരുമുഖം കാണ്മാൻ കൊതിച്ചവർ

ഉല്ലാസമോടിതാ നോക്കിടുന്നു

 

തന്മക്കളിൻ കണ്ണുനീരെല്ലാം താതൻ താൻ

എന്നേക്കുമായിത്തുടച്ചിതല്ലോ

പൊൻ വീണകൾ ധരിച്ചാമോദപൂർണ്ണരായ്

കർത്താവിനെ സ്തുതി ചെയ്യുന്നവർ

 

കുഞ്ഞാടിന്റെ രക്തം തന്നിൽ തങ്ങൾ അങ്കി

നന്നായ് വെളുപ്പിച്ചു കൂട്ടരവർ

പൂർണ്ണവിശുദ്ധരായ് തീർന്നവർ യേശുവിൻ

തങ്കരുധിരത്തിൻ ശക്തിയാലെ

 

തങ്കക്കിരീടങ്ങൾ തങ്ങൾ ശിരസ്സിൻമേൽ

വെൺനിലയങ്കി ധരിച്ചോരവർ

കൈയിൽ കുരുത്തോല എന്തീട്ടവർ സ്തുതി

പാടീട്ടാനന്ദമോടാർത്തിടുന്നു

 

ചേർന്നിടുമേ വേഗം ഞാനുമക്കൂട്ടത്തിൽ

ശുദ്ധരോടൊന്നിച്ചങ്ങാനന്ദിപ്പാൻ

ലോകം വേണ്ടാ എനിക്കൊന്നും വേണ്ടാ എന്റെ

നാഥന്റെ സന്നിധൗ ചേർന്നാൽ മതി.