ജെ.വി.പീറ്റർ

1953 മെയ്‌ 21 ന് നാഗർകോവിലിൽ ജോസഫ്‌- ജാനമ്മ ദമ്പതികളുടെ മകനായി ജനിച്ച പീറ്ററിന് ബാല്യകാലം തികച്ചും ആത്മീയ പശ്ചാത്തലം ഉള്ളതായിരുന്നു. തന്റെ പിതാവ് ഒരു ഫാർമസിസ്റ്റ് ആയിരുന്നെങ്കിലും ഔദ്യോഗിക ജീവിതത്തിന്റെ ഇടവേളകളിൽ സുവിശേഷ പ്രവർത്തനങ്ങളിലും മുന്നിട്ടിറങ്ങുക പതിവായിരുന്നു.

ബാലനായിരുന്ന പീറ്റർ ഈ പ്രവർത്തനങ്ങളിൽ പിതാവിനൊപ്പം ചേരുകയും രോഗികൾക്കായി പ്രാർത്ഥിക്കുന്ന വിധത്തിൽ ദൈവത്താൽ ഉപയോഗിക്കപെടുകയും ചെയ്തിരുന്നു. കൌമാരത്തിന്റെ തുടക്കത്തിൽ  തന്നെ നല്ലൊരു അക്കോർടിയൻ പ്ലെയർ ആകാൻ പീറ്ററിന് സാധിച്ചു. സംഗീതത്തിനോടുള്ള അടങ്ങാത്ത അഭിവഞ്ജയും ദൈവീകമായ കഴിവുകളും ചെരുമ്പോഴുണ്ടാകുന്ന അസാധാരണമായ ഒരു പ്രതിഭസ്സമായിരുന്നു ആ സംഗീതമെന്നു പിന്നീട് ലോകമറിഞ്ഞു.

സിനിമ ലോകത്തേക്ക് ഏതു വിധേനയും എത്തിപ്പെടാനും ഒരു സംഗീത സംവിധായകനായി അറിയപ്പെടാനുമായിരുന്നു തന്റെ മനസ്സിലെ ആഗ്രഹം. ചില സംഗീത ട്രൂപ്പുകളിൽ അംഗം ആയ പീറ്ററിന് കൂട്ടുകെട്ടുകൾ ലോകത്തിന്റെ അഴുക്കു ചാലുകളിലേക്ക് നീളുന്നതായിരുന്നു. ക്രമേണ മദ്യപാനത്തിനും മറ്റ് ദുശ്ശീലങ്ങൾക്കും

വശംവധനായ പീറ്റർ തന്റെ മനസ്സിലെ സിനിമ മോഹവുമായി മദ്രാസ്സിന്റെ തെരു വീഥികളിലൂടെ അലഞ്ഞു. ആ ദിവസങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. കാൽമുട്ടിന് ഒരു വേദനയുമായി ഡോക്ടർ നെ കാണാനെത്തിയ പീറ്റർ തന്റെ അസുഖത്തിന്റെ പേരറിഞ്ഞ് ഞെട്ടി. ബോണ്‍ ക്യാൻസർ  !!

അപ്പോൾ പീറ്ററിന് വെറും പതിനാറ്  വയസ്സ് മാത്രമായിരുന്നു പ്രായം. തന്റെ പിതാവ് ഒരു മെഡിക്കൽ പ്രൊഫഷണൽ ആയിട്ടും തനിക്കോ തന്റെ സുഹൃത്തുക്കളായ ഡോക്ടർമാർക്കോ  പീറ്ററിനെ രക്ഷിക്കാനായില്ല. എല്ലാവരും കയ്യൊഴിഞ്ഞ പീറ്ററിന്റെ ജീവിതത്തെ വീണ്ടും ഇരുട്ടിന്റെ കൈകളിലേക്ക് തള്ളിയിടുന്നതായിരുന്നു പിതാവിന്റെയും ഏക സഹോദരിയായ മേഴ്സിയുടെയും വേർപാട്. ഇരുവരുടെയും മരണത്തോടെ പീറ്റർ വിഷാദത്തിന്റെ തടവറയിലായിരുന്നു. ഒപ്പം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒറ്റപെടുത്തുന്ന പെരുമാറ്റവും, രോഗവും ഏകാന്തതയും തളർത്തിയ പീറ്ററിന് മുന്നിൽ ആത്മഹത്യ അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. പത്തൊമ്പതാം വയസ്സിൽ ജീവനൊടുക്കാൻ റെയിൽവേ ട്രാക്ക് ലേക്ക് നടന്നു പോയ പീറ്റർ ഒരു പിൻ വിളി കേട്ടു. സുഹൃത്തായ ലക്ഷ്മണൻ ആയിരുന്നു അത്. പിൽക്കാലത്ത് ചാർളി പീറ്റർ എന്ന പേരിൽ അറിയപെട്ട സുവിശേഷകനായിരുന്നു ആ യുവാവ്.

എല്ലാവരാലും ഉപേക്ഷിക്കപെട്ട തന്നെ സ്നേഹിക്കുന്ന ദൈവത്തിനായി ജീവിതം മാറ്റി വെയ്ക്കാൻ പീറ്റർ തീരുമാനിച്ചു. ക്രിസ്തുവിന്റെ സ്നേഹം തന്റെ ഹൃദയത്തിൽ നിറഞ്ഞു. ദൈവ വചനം പഠിക്കുന്നതിനായി മധുരയിലെ എ. ജി. ബൈബിൾ കോളേജിൽ ചേർന്നത്‌ ഇക്കാലത്താണ്. എന്നാൽ രോഗം അതിന്റെ മൂർദ്ധന്യവസ്ഥയിൽ എത്തിയിരുന്നതിനാൽ  അവിടെയും കടുത്ത അവഗണന ആണ് പീറ്ററിന് നേരിടേണ്ടി വന്നത്. നൂറ്റി പത്തൊൻപതാമത്‌ സങ്കീർത്തനം മന:പ്പാഠമാക്കി ചൊല്ലി കേൾപ്പിക്കണം എന്നും അതിന് കഴിവില്ലെങ്കിൽ ഇനി പഠിക്കേണ്ട എന്നുമായിരുന്നു കോളേജ് അധികാരികൾ പീറ്ററിനോടും ചില സുഹൃത്തുക്കളോടും പറഞ്ഞത്.  രോഗത്തിന്റെ തീരാ വേദന അനുഭവിച്ച പീറ്ററിന് താങ്ങാവുന്നതിലേറെ ആയിരുന്നു അത്. പിന്നീട് പഠനം മുഴുമിപ്പിക്കാതെ പടിയിറങ്ങിപ്പോയ പീറ്ററിന് ഇതേ കോളേജ് 2009 ൽ വിളിച്ചു വരുത്തി ഗ്രാജുവേഷൻ  നൽകി. എങ്കിലും കേവലം ഒരു സർട്ടിഫിക്കറ്റിന്റെ മാന്യത ആയിരുന്നില്ല പീറ്ററിന് ദൈവം നൽകിയത് ദൈവം ആർക്കും കടക്കാരൻ അല്ലല്ലോ !!

പഠനം പാതി വഴിയിൽ മുടങ്ങിയപ്പോൾ  ആകെ തകർന്ന് പോയ പീറ്റർ ദൈവ സന്നിധിയിൽ കണ്ണീരോടെ പ്രാർത്ഥിച്ചു. അന്ന് രാത്രിയിൽ അത്ഭുതകരമായി ദൈവം തന്നെ വിടുവിച്ചു.

1978 ല് തന്റെ ഭാര്യ നിർമലയും മൂത്ത മകൻ നിനോയും രോഗ ബാധിതരായി. നിനോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. എന്നാൽ ആശുപത്രി ബിൽ കൊടുക്കാൻ 500 രൂപ വേണ്ടിയിരുന്നു. പീറ്ററിന്റെ കയ്യിൽ ആകെയുണ്ടായിരുന്നതാകട്ടെ 200 രൂപയും..  കുശവന്റെ കയ്യിൽ കളിമണ്ണ്‍ എന്ന പോലെ സ്വയം ദൈവസന്നിധിയിൽ സമർപ്പിച്ച്‌ രചിച്ചതാണ് തിരുക്കരത്താൽ എന്ന ഗാനം.

സഭാ വ്യത്യാസം ഇല്ലാതെ ഇന്നും ദൈവജനങ്ങൾ പാടി സ്തുതിക്കുന്ന ഒരു പിടി ഗാനങ്ങൾ ക്രൈസ്തവ സമൂഹത്തിന് സമ്മാനിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

എണ്ണി  എണ്ണി  സ്തുതിക്കുവാൻ, താങ്ങും കരങ്ങൾ ഉണ്ട് …, നിനക്കായി കരുതും.. , മറുകരയിൽ നാം കണ്ടീടും… നിൻ  സ്നേഹം പാടുവാൻ തുടങ്ങിയ 400 ഓളം വരുന്ന ഗാനങ്ങൾ  രചിച്ചത് അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ ആയിരുന്നു

ദൈവത്തിന് വേണ്ടി ജീവിച്ച അദ്ദേഹത്തിന്റെ മരണവും  ദൈവഹിതം തന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു. 19 ആഗസ്റ്റ്‌ 2012 ൽ  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടെങ്കിലും അദ്ദേഹം രചിച്ച ഗാനങ്ങളിലൂടെ ദൈവം ഇപ്പോഴും ജെ .വി പീറ്റർ എന്ന ദൈവ ദാസനെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.