യേശു എനിക്കെത്ര നല്ലവനാം

യേശു എനിക്കെത്ര നല്ലവനാം

ക്ലേശമെഴാതെന്നെ കാത്തവനാം

താഴ്ചകൾ വന്നാലും വീഴ്ചകൾ വന്നാലും

താങ്ങി നടത്തുവാൻ വല്ലഭനാം

 

എക്കാലുത്തും തൻഭക്തരെ

തൃക്കയ്യാൽ താങ്ങി നടത്തുമവൻ

കഷ്ടതയിൽ നൽതുണ താൻ

ദുഃഖത്തിൽ ആശ്വാസദായകനാം

 

ഉള്ളം കലങ്ങും പ്രയാസം വന്നാൽ

ഉണ്ടെനിക്കഭയസ്ഥാനമൊന്ന്

ഉറ്റവർ സ്നേഹിതർ വിട്ടുപോമെന്നാലും

ഉന്നതൻ മാറില്ല കൈവിടില്ല

 

ആഴിയിൽ പാതയൊരുക്കുമവൻ

ആശ്രിതർക്കാപത്തൊഴിക്കുമവൻ

ആ ദിവ്യപാദത്തിലാശ്രയിച്ചോരാരും

ആലംബഹീനരായ് തീർന്നതില്ല

 

തൻബലത്താലേ ഞാൻ യുദ്ധം ചെയ്യും

തൻമുഖം നോക്കി ഞാൻ യാത്ര ചെയ്യും

തൻകൃപമേൽ കൃപ പ്രാപിച്ചു ഞാനിന്ന്

തൻപദ സേവയിൽ നാൾ കഴിക്കും

 

വാനവിതാനത്തിൽ ദൂതരുമായ്

വന്നു വിളിക്കുമ്പോൾ ആ ക്ഷണത്തിൽ

മണ്ണിൽ മറഞ്ഞാലും മന്നിലിരുന്നാലും

വിണ്ണിൽ തൻസന്നിധൗ ചേർന്നിടും ഞാൻ.