സങ്കടത്തിൽ നീയെൻ സങ്കേതം

സങ്കടത്തിൽ നീയെൻ സങ്കേതം

സന്തതമെൻ സ്വർഗ്ഗസംഗീതം

സർവ്വസഹായി നീ സൽഗുരുനാഥൻ നീ

സർവ്വാംഗസുന്ദരനെൻ പ്രിയനും നീ

 

അടിമ നുകങ്ങളെയരിഞ്ഞു തകർത്തു

അഗതികൾ തന്നുടെയരികിൽ നീ പാർത്തു

അടിയനെ നിന്തിരു കരുണയിലോർത്തു

അരുമയിൽ പിളർന്നൊരു മാറിൽ നീ ചേർത്തു

 

മരുവിടമാമിവിടെന്തൊരു ക്ഷാമം

വരികിലും നിൻപദമെന്തഭിരാമം

മരണദിനംവരെ നിന്തിരുനാമം

ധരണിയിലടിയനതൊന്നു വിശ്രാമം

 

ഇരുപുറം പേ നിര നിരന്നു വന്നാലും

നിരവധി ഭീതികൾ നിറഞ്ഞുവെന്നാലും

നിരുപമ സ്നേഹനിധേ!കനിവോലും

തിരുവടി പണിഞ്ഞിടും ഞാനിനിമേലും

 

വിവിധ സുഖങ്ങളെ വിട്ടു ഞാനോടും

വിമലമനോഹരം നിൻപദം തേടും

വിഷമത വരികിലും പാട്ടുകൾ പാടും

വിജയത്തിൻ വിരുതുകളൊടുവിൽ ഞാൻ നേടും