ശാശ്വതമായ വീടെനിക്കുണ്ട്

ശാശ്വതമായ വീടെനിക്കുണ്ട്

സ്വർഗ്ഗനാടതിലുണ്ട്

കർത്താവൊരുക്കുന്നുണ്ട്

 

പാപമന്നാട്ടിലില്ല ഒരു ശാപവുമവിടെയില്ല

നിത്യസന്തോഷം ശിരസ്സിൽ വഹിക്കും

ഭക്തജനങ്ങളുണ്ട് ഹല്ലേലുയ്യാ!

 

ഇരവുപകലെന്നില്ല അവിടിരുളൊരു ലേശമില്ല

വിതറിടും വെളിച്ചം നീതിയിൻ സൂര്യൻ

അതുമതിയാനന്ദമായ് ഹല്ലേലുയ്യാ

 

ഭിന്നതയവിടെയില്ല കക്ഷിഭേദങ്ങളൊന്നുമില്ല

ഒരു പിതൃസുതരായ് ഒരുമിച്ചു വാഴുന്ന

അനുഗ്രഹഭവനമതാം ഹല്ലേലുയ്യാ

 

വഴക്കുകളൊന്നുമില്ല പണിമുടക്കുകൾ വരികയില്ല

മനുഷ്യരിൽ ദരിദ്രർ ധനികരെന്നില്ല

ഏകശരീരമവർ ഹല്ലേലുയ്യാ!

 

കണ്ണീരവിടെയില്ല ഇനി മരണമുണ്ടാകയില്ല

അരുമയോടേശുവിന്നരികിൽ നാം നിത്യം

ഒരുമിച്ചു വാഴുകയാം ഹല്ലേലുയ്യാ!