ഒന്നുമില്ലായ്മയിൽ നിന്നെന്നെ

ഒന്നുമില്ലായ്മയിൽ നിന്നെന്നെ

നിന്നുടെ ഛായയിൽ സൃഷ്ടിച്ചു

നിത്യമായ് സ്നേഹിച്ചെന്നെ നിന്റെ

പുത്രനെ തന്നു രക്ഷിച്ചു നീ

 

നിൻമഹാ കൃപയ്ക്കായ്

നിന്നെ ഞാൻ സ്തുതിച്ചിടുമെന്നും (2)

 

ഈ ലോകത്തിൽ വന്നേശു എന്റെ,

മാലൊഴിപ്പാൻ സഹിച്ചു, ബഹു

പീഡകൾ സങ്കടങ്ങൾ പങ്ക-

പ്പാടുകൾ നീചമരണവും

 

മോചനം, വീണ്ടും ജനനവും,

നീചപാപിയെന്നിൽ വസിപ്പാൻ

നിന്നാത്മവിന്റെ ദാനവും, നീ

തന്നു സ്വർഗാനുഗ്രഹങ്ങളും.

 

അന്നവസ്ത്രാദി നന്മകളെ

എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു

തിന്മകൾ സർവ്വത്തിൽ നിന്നെന്നെ

കണ്മണി പോലെ കാത്തിടുന്നു

 

നാശമില്ലാത്തവകാശവും

യേശുവിൻ ഭാഗ്യസന്നിധിയിൽ

നീതിയിൻ വാടാമുടികളും

തൻമക്കൾക്കു സ്വർഗ്ഗേ ലഭിക്കും