നിത്യവന്ദനം നിനക്കു സത്യദൈവമേ,

നിത്യവന്ദനം നിനക്കു സത്യദൈവമേ,

സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ

 

മർത്യകുല സ്രഷ്ടകനേ നിത്യപിതാവേ

സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേ

 

എത്രയോ മനോഹരം നിൻ കൃത്യങ്ങളെല്ലാം

ചിത്രമതി ചിത്രമവയെത്രയോ ശ്രേഷ്ഠം!

 

കെരുബുകൾ മദ്ധ്യേ വസിക്കും സർവ്വശക്തനേ

ഉർവ്വിയെങ്ങും വ്യാപിച്ചിടും നിനക്കെന്നും സ്തോത്രം

 

മാനവകുലത്തിൻ പാപം മോചനം ചെയ്‌വാൻ

ഹീനമായ് കുരിശിൽ ശാപമേറ്റ പരനേ!

 

നിന്നിൽ വിശ്വസിക്കുന്നവനെന്നേക്കും മോക്ഷം

തന്നരുളാൻ ഉന്നതത്തിൽ ചേർന്ന പരനേ!

 

സർവ്വബഹുമാനം സർവ്വമഹത്വം സ്തുതിയും

സർവ്വേശ്വരനായ യഹോവായ്ക്കു താൻ ആമേൻ.