നിസ്തുല്യനാഥൻ ക്രിസ്തുവിൽ

നിസ്തുല്യനാഥൻ ക്രിസ്തുവിൽ വാസ്തവമാം മോദം

ദർശിക്കുമേതു വ്യക്തിയും ക്രൂശിൻ പ്രകാശത്താൽ

 

അവർണ്ണ്യമാം തൻ സ്നേഹമോ അഗണ്യനാമെന്നെ

രക്ഷിച്ചു ക്രൂശിൻ രക്തത്താൽ ശിക്ഷാവിമുക്തനായ്

 

സാഷ്ടാംഗം വീണിടുന്നു ഞാൻ സ്രഷ്ടാവേ, രക്ഷകാ,

നിനക്കെൻ ബഹുമതിയും ധനം സമയവും

 

സമ്പൂർണ്ണമായ് നൽകിടുന്നു അൻപേറും നാഥനേ,

എൻഗേഹം ഭൂനിക്ഷേപങ്ങൾ നിൻഘോഷണത്തിന്നായ്

 

എൻദേഹം ദേഹി മാനസം നിൻസ്നേഹജ്വാലയാൽ

പ്രശോഭിതമായ്ത്തീരുവാൻ നാഥാ തുണയ്ക്കുക

 

എൻജീവൻ സൗഖ്യം മുറ്റുമായ് സംജീവദായകാ

അർപ്പിക്കുന്നേ നിൻകൈകളിൽ ചെയ്‌വാൻ നിൻപൊന്നിഷ്ടം

 

സമസ്തവും നിൻപാദത്തിൽ സമർപ്പിക്കുന്നഹം

ജയിക്കുക ഭവാനെന്നും നയിക്ക സാധുവെ.