നീതിയാം യഹോവായേ!

നീതിയാം യഹോവായേ!

തിരുചരണമെന്റെ ശരണം

ശ്രീതരും തവ പാദമതൊന്നേ

ഖേദമകറ്റിപ്പരിപാലിപ്പതെന്നെ

 

നീസരി സരിമാ രിമപാ നിപമാ

പസസനി പനിപമ രിപാമ രിമരിസ

നീയുരു കരുണാ രസമാനസമാർ

ന്നനിശമിരിപ്പതാലസാമ്യ സുഖം മമ

 

ദേഹികൾക്കമൃതായേതവ ദേഹമിരിപ്പതെന്നായേ

വേദമോതിടുന്നാകയാൽ നീയേ

വേദനയിൽ തുണയെന്നാത്മിക തായേ

 

ദേവ! നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം

പാവനാശയ! മാനസവാനം

പാർക്കുവതിന്നരുൾ നിൻബോധവിമാനം

 

കാമതസ്കരൻ നേരേ വന്നു കേമഭാവമായ് ചാരേ

താമസിപ്പതുണ്ടാകയാൽ ദൂരെ

നീയിരിപ്പതെന്തനിക്കീശാ! നീ പോരേ?

 

യൂദപാതകരോടും പുരമായിരുന്ന നീ, വീടും

താതനമ്മയുംസ്വത്തുക്കൾ നാടും തള്ളിയോരെന്നെ

പുലർത്തിടുവാൻ കൂടും

 

ആയിരം നരന്മാരിൽ പരിപൂതനേശുവിപ്പാരിൽ

ആയവൻ ബലത്തോടു ഞാൻ ചേരിൽ

മായമെന്യേ ജയിക്കാമാത്മിക പോരിൽ

 

കഷ്ടനാളുകൾ വന്നു വൃഥപ്പെട്ടുവെങ്കിലും, പൊന്നു

വിഷ്ടപേശ! നിൻ സന്നിധൗ നിന്നു

സ്പഷ്ടമുരയ്ക്കിൽ ഭവാൻ കേട്ടിടുമന്നു.