നല്ലൊരുഷസ്സിതിൽ വല്ലഭ

നല്ലൊരുഷസ്സിതിൽ വല്ലഭ സ്തുതിചെയ്യുവാൻ ഉണരൂ നീ

 

ശല്യമാമിരുളകന്നല്ലോയീ ഭൂതലം

നല്ലൊളിവീശി പ്രകാശിക്കുന്നാശകൾ

 

കാരിരുൾ തിരനീക്കി കതിരവനിതാ വന്നു

കരുണയാ കടാക്ഷിക്കും കാലം നീ കളയാതെ

 

നോക്കുകീ പ്രഭാതത്തിൻ കാഴ്ചകളതി രമ്യ

മാക്കുന്ന പരാശക്തിയോർക്കേതെന്നകമേ നീ

 

തന്നിളം കതിരിനാൽ മന്നിനെ ശിശുസൂര്യൻ

പൊന്നിൻ കടലിൽ മുക്കുന്നെന്നേശുവുമിവ്വണ്ണം

 

പുഷ്പങ്ങൾ വിടരുന്നു സദ്ഗന്ധം തുടരുന്നു

ശഷ്പങ്ങളിളം പച്ചപ്പട്ടെങ്ങും വിരിക്കുന്നു

 

പക്ഷികൾ പാടുന്നു ശിക്ഷയിൽ കൂടുന്നു

രക്ഷിതഗണം സ്തുതി കീർത്തനം തേടുന്നു

 

യിസ്രയേൽ ഹിമമാമെൻ കർത്തനെ സ്മരിപ്പിക്കും

മുത്തണി ഹിമബിന്ദു ധാത്രിമേൽ ലസിക്കുന്നു

 

രാവു കഴിവാറായി പകലേറ്റമടുത്തെന്ന

ദൈവാത്മവിളംബരം ഭൂവെങ്ങും മുഴങ്ങുന്നു

 

രാവിൻ വിലങ്ങുകീഴായ് കിടപ്പോർക്കിതാ

യോവേൽ കാഹളം നിത്യ സ്വാതന്ത്ര്യം ധ്വനിക്കുന്നു.