ലോകമാം ഗംഭീരവാരിധിയിൽ

ലോകമാം ഗംഭീരവാരിധിയിൽ

വിശ്വാസക്കപ്പലിലോടിയിട്ട്

നിത്യവീടൊന്നുണ്ടവിടെയെത്തി

കർത്തനോടുകൂടെ വിശ്രമിക്കും

 

യാത്ര ചെയ്യും ഞാൻ ക്രൂശെ നോക്കി

യൂദ്ധം ചെയ്യും ഞാനേശുവിന്നായ്

ജീവൻ വച്ചിടും രക്ഷകനായ്

അന്ത്യശ്വാസം വരെയും

 

കാലം കഴിയുന്നു നാൾകൾ പോയി

കർത്താവിൻ വരവു സമീപമായ്

മഹത്വനാമത്തെകീർത്തിപ്പാനായ്

ശക്തീകരിക്ക നിൻ ആത്മാവിനാൽ

 

ഞെരുക്കത്തിൻ അപ്പം ഞാൻ തിന്നെന്നാലും

കഷ്ടത്തിൻ കണ്ണുനീർ കുടിച്ചെന്നാലും

ദേഹിദുഃഖത്താൽ ക്ഷയിച്ചെന്നാലും

എല്ലാം പ്രതികൂലമായെന്നാലും

 

ലോകം ത്യജിച്ചതാം സിദ്ധൻമാരും

നിർമ്മല ജ്യോതിസ്സാം ദൂതൻമാരും

രക്തസാക്ഷികളാം സ്നേഹിതരും

സ്വാഗതം ചെയ്യും മഹൽസദസ്സിൽ

 

വീണ്ടെടുപ്പിൻ ഗാനം പാടി വാഴ്ത്തി

രക്ഷകനേശുവെ കുമ്പിടും ഞാൻ

കഷ്ടത തുഷ്ടിയായ് ആസ്വദിക്കും

സാധുക്കൾ മക്കൾക്കീ ഭാഗ്യം ലഭ്യം.