കരുതുന്നു നമ്മളെ കർത്താവു നിത്യവും

കരുതുന്നു നമ്മളെ കർത്താവു നിത്യവും

കലങ്ങേണ്ടതൻ ജനമേ

ആമയം തീർത്തവൻ ചേലൊടു പോറ്റിടും

എന്നും നിർണ്ണയമായ്

 

വിലയേറും തൻ ചോര വിലയായ് തന്നെന്നെ

വിമലജൻ വാങ്ങിയല്ലോ

ഇതുപോലെ സ്നേഹിച്ചു ജീവനും നൽകുവാൻ

ആരു തുനിഞ്ഞിടുമോ?

 

മുന്നിലെ ചെങ്കടൽ പിന്നിലെ വൻ പട

തന്നിലും തൻജനത്തെ

ഖിന്നത തീർത്തുടൻ അക്കരെയെത്തിച്ചോൻ

എന്നും നമ്മൾക്കുണ്ട്

 

മരുവാസമേകും പ്രതികൂലമെത്രയും

മധുരമായ് മാറ്റുമവൻ

മരണത്തിൻ നിഴലിലും പതറാതെ നിർത്തുവാൻ

മുറ്റും ശക്തനവൻ

 

വീടൊന്നൊരുക്കി ഹാ! വേഗത്തിൽ വന്നിടും

വീട്ടിൽ കൈക്കൊണ്ടിടും താൻ

നിത്യതമുഴുവനും പിരിയാതെ വാഴും നാം

നിത്യവും ആനന്ദമായ്.