കർത്താവിൽ എപ്പോഴും സന്തോഷിക്കും ഞാൻ

കർത്താവിൽ എപ്പോഴും സന്തോഷിക്കും ഞാൻ

ക്രിസ്തീയ ജീവിതയാത്രയതിൽ

കണ്ണീരിൻ വേളയോ കഷ്ടങ്ങളേറെയോ

വരികിലുമവനിൽ ഞാൻ സന്തോഷിക്കും

 

ആകുലചിന്തകളേറിയെന്നുള്ളം

വ്യാകുലമായ് മുറ്റും തീർന്നിടുമ്പോൾ

ഏകുന്നു തൻമൊഴി സാന്ത്വനമെനിക്ക്

ആകയാലില്ലൊരു ചഞ്ചലവും

 

കാലമെല്ലാം തൻ കൈകളാലെന്നെ

കാത്തിടുവാൻ വഴി നടത്തിടുവാൻ

കരുത്തനാമവനെന്നും കരുതിടുന്നവനാം

കർത്തനിൽ മാത്രമെന്നാശ്രയമാം

 

അറിഞ്ഞിടുന്നെന്നെയഖിലവും ദൈവം

അവൻ ഹിതംപോലെ നടത്തിടുന്നു

അന്നന്നു താൻ തരും തുമ്പമോ ഇമ്പമോ

അതുമതിയെനിക്ക് അനുഗ്രഹമാം

 

പരിശോധനകൾ പല ക്ലേശങ്ങൾ

പാരിച്ച ഭാരങ്ങൾ സഹിച്ചിടുമീ

പാരിലെ നാളുകൾ തീർന്നിടും വേഗം

പിരിഞ്ഞങ്ങു പോം ഞാൻ പ്രിയന്നരികിൽ.