ജീവവാതിലാകുമേശു നായക!

ജീവവാതിലാകുമേശു നായക! നീ വാഴ്ക!

നായക! നീ വാഴ്ക! പാപവനദാവ!

 

നിന്നിലൂടെ കടക്കുന്നോർ രക്ഷിതർ നിരന്തം

രക്ഷിതർ നിരന്തംശിക്ഷയവർക്കില്ല

 

ഭക്ഷണമവർക്കു ഭവാൻ നിശ്ചയമായ് നൽകും

നിശ്ചയമായ് നൽകും പച്ചമേച്ചിലെന്നും

 

ജീവനറ്റ നിന്നജങ്ങൾക്കായി നീ മരിച്ചു

ജീവനസമൃദ്ധി നാഥാ! നീ വരുത്തി

 

അല്ലലുള്ളൊരാടുകൾക്കു നല്ലിടയനാം നീ

ഉള്ളലിഞ്ഞു തോളിലേന്തും ദുഃഖനാളിൽ

 

നിന്നജങ്ങൾ നിന്നെയറിയുന്നു നിഖിലേശാ!

നിർണ്ണയമവരെ നീയുമറിയുന്നു

 

നിത്യജീവനരുളുന്നു നീയവർക്കു നാഥാ!

ആയവർ നശിപ്പാനാവതല്ല തെല്ലും

 

ഇൻപമേറും നിൻ സ്വരത്തെ കേട്ടുകൊണ്ടു ഞങ്ങൾ

പിന്തുടരും നിന്നെചന്തമോടുതന്നെ

 

നിൻ പിതാവു നിന്റെ കൈയിൽ തന്നോരജകൂട്ടം

വൻപെഴുന്ന വൈരി കൊണ്ടുപോകയില്ല.