ഇത്രനല്ലവൻ മമ ശ്രീയേശു
ക്രിസ്തുനാഥനെന്നിയെയാരുള്ളൂ?
മിത്രമാണെനിക്കവനെന്നാളും
എത്ര താഴ്ചകൾ ഭൂവി വന്നാലും
അതിമോദം നാഥനു പാടിടും
സ്തുതിഗീതം നാവിലുയർന്നിടും
അവനുന്നതൻ ബഹുവന്ദിതനാം
പതിനായിരങ്ങളിൽ സുന്ദരനാം
ഭൂവി വന്നു വൈരിയെവെന്നവനാം
എനിക്കാത്മരക്ഷയെ തന്നവനാം
ഒരുനാളും കൈവിടുകില്ലെന്നെ
തിരുമാർവ്വെനിക്കഭയം തന്നെ
വരുമാകുലങ്ങളിലും നന്നെ
തരുമാശ്രയം തകരാറെന്യേ
പ്രതികൂലമാണെനിക്കീ ലോകം
അതിനാലൊരെള്ളളവും ശോകം
കലരേണ്ടെനിക്കവനനുകൂലം
ബലമുണ്ടു യാത്രയിലതുമൂലം
സത്യസാക്ഷിയായ പ്രവാചകനും
മഹാശ്രേഷ്ഠനായ പുരോഹിതനും
നിത്യരാജ്യസ്ഥാപകൻ രാജാവും
എന്റെ ക്രിസ്തുനായകൻ ഹല്ലേലുയ്യാ