ഹൃദയമുരുകിവരും മിഴിനീർമണികൾ

ഹൃദയമുരുകിവരും മിഴിനീർമണികൾ

അർച്ചനയായ് തിരുസവിധേദേവാ!

അർപ്പണം ചെയ്തിടുന്നു

 

കരകാണാതെ വഴിയറിയാതെ

കരയുന്ന നേരത്തെൻ ചാരേ വന്നു

കരുണയോടേകി നിൻ കരലാളനങ്ങൾ

കരുതിയതാൽ കാവൽ ചെയ്തതിനാൽ

 

നിരാശ തന്നിൽ നെടുവീർപ്പുകളിൽ

നിരാലംബനായ് ഞാനലയും നേരം

നിർവൃതി നൽകി നിൻ മൃദുമൊഴിയാൽ

നിന്നരികിൽ എന്നെ ചേർത്തതിനാൽ

 

ക്രൂശിലെ സ്നേഹത്തിനാഴങ്ങളിൽ

ആശ്വാസമരുളി നീ നിത്യമായി

ചങ്കിലെച്ചോരയാൽ പങ്കം കഴുകിയെൻ

സങ്കടവും സർവ്വം തീർത്തതിനാൽ