എന്തൊരൻപിതപ്പനേ! ഇപ്പാപിമേൽ
എന്തൊരൻപിതപ്പനേ!
അണ്ടർകോനേ! നീയി ചണ്ഡാളദ്രോഹിയിൽ
കൊണ്ടേരൻപു പറയേണ്ടുന്നതെങ്ങനെ!
അൻപോലും തമ്പുരാനേ! നിന്റെ മഹാ
അൻപുള്ളോരു മകനെ
ഇമ്പം നിറഞ്ഞുള്ള നിൻ മടിയിൽ നിന്നു
തുമ്പം നിറഞ്ഞ പാരിങ്കലയച്ചതും
കണ്മണിയാം നിൻമകൻ പൂങ്കാവിങ്കൽ
മണ്ണിൽ വീണിരന്നതും
പൊന്നിൻ തിരുമേനി തന്നിൽ നിന്നു ചോര
മണ്ണിൽ വീണതും നിൻ കണ്ണെങ്ങനെ കണ്ടു!
കരുണയറ്റ യൂദന്മാർ നിൻമകന്റെ
തിരുമേനിയാകെ നാഥാ!
കൊരടാവു കൊണ്ടടിച്ചുഴുത നിലമാക്കി
കുരിശിപ്പതിനായ് കുരിശെടുപ്പിക്കുന്നു!
ദാഹം വിശപ്പുകൊണ്ടു തളർന്നു
കൈകാൽകൾ കുഴഞ്ഞിടുന്നു
ദേഹമഴലുന്നു ദേഹിയുഴലുന്നു
സ്നേഹം പെരുകുന്നിപ്പാതകനോടയ്യോ!
ശത്രുക്കൾ മദ്ധ്യേ കൂടെ പോകുന്നിതാ
കുറ്റമറ്റ കുഞ്ഞാട്
കഷ്ടമെരുശലേം പുത്രിമാർ കണ്ടു
മാറത്തടിച്ചയ്യോ വാവിട്ടലറിടുന്നു!
കരുണ നിറഞ്ഞവൻ തൻ കൈകാൽകളെ
കുരിശിൽ വിരിച്ചിടുന്നു
കരുണയറ്റ ദുഷ്ടർ ക്രൂരകൈകളാലെ
കുരിശൊടു ചേർതാണി വെച്ചീടുന്നയ്യയ്യൊ!
ആകാശഭൂമി മദ്ധ്യെ നിന്റെ മകൻ
ഹാ! ഹാ! തൂങ്ങിടുന്നയ്യൊ!
കാൽകരങ്ങളൂടെ ചൊരയൊഴുകുന്നു
വേകുന്നു നിൻ കോപതീയിങ്കൽ വീണവൻ
ദൈവമെ, എൻ ദൈവമെ, എന്തുകൊണ്ടു
കൈവെടിഞ്ഞതെന്നെ നീ
ഏവമിതാ നിന്റെ എക സുതൻ തന്റെ
വാവിട്ടലറുന്നു നീ കേൾക്കുന്നില്ലൊട്ടും!
ചങ്കുതുറന്നൊഴുകി-യതാം
രക്ത-ത്തിങ്കലെന്നെ കഴുകി
പൊൻകരം കൊണ്ടു നടത്തിപ്പുതുസാലേ-
മിങ്കൽ ചേർക്ക യേശു സങ്കേതമേ എന്നെ.
Copyright © 2022, ക്രിസ്തീയ ഗാനാവലി