എന്തെല്ലാം വന്നാലും

എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ

സന്തോഷമായി ഞാൻ യാത്ര ചെയ്യും

 

മിസ്രയീം വിട്ടതിൽ ഖേദിപ്പാനില്ലൊന്നും

ആശ്വാസദേശമെൻ മുന്നിലുണ്ട്

 

കൈകൊണ്ടുതീർക്കാത്ത വീടുകൾ മേടുകൾ

ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്

 

അബ്രഹാമിൻ യാത്രയിൽ കൂടെയിരുന്നവൻ

അവകാശം നൽകിയോൻ കൂടെയുണ്ട്

 

ഹാരാനിൽ യാക്കോബിൻ കൂടെയിരുന്നവൻ

വാഗ്ദത്തം നൽകിയോൻ കൂടെയുണ്ട്

 

മിസ്രയീം ദേശത്തിൽ യൗസേപ്പിൻ കണ്ണുനീർ

കണ്ടവൻ എന്നോടു കൂടെയുണ്ട്

 

മിദ്യാനിൽ മോശയ്ക്കു സങ്കേതമായവൻ

ഹോരേബിൽ നിന്നവൻ കൂടെയുണ്ട്

 

ചെങ്കടൽതീരത്തു മോശയിൻ കണ്ണുനീർ

കണ്ടവനെന്നോടു കൂടെയുണ്ട്

 

ആറുനൂറായിരം ആയൊരു കൂട്ടത്തെ

ചിറകിൽ വഹിച്ചവൻ കൂടെയുണ്ട്

 

സ്വർഗ്ഗീയ മന്നായെക്കൊണ്ടുതൻ ദാസരെ

പോറ്റിപ്പുലർത്തിയോൻ കൂടെയുണ്ട്

 

പാറയിൽനിന്നുള്ള ശുദ്ധജലം കൊണ്ടു

ദാഹം ശമിപ്പിച്ചോൻ കൂടെയുണ്ട്

 

യെരിഹോ മതിലുകൾ തട്ടിതകർത്തവൻ

ചെങ്കടൽ വറ്റിച്ചോൻ കൂടെയുണ്ട്

 

ബാലിന്റെ സേവകന്മാരെ നശിപ്പിച്ച

ഏലിയാവിൻ ദൈവമെൻ കൂടെയുണ്ട്

 

കാക്കയെക്കൊണ്ടുതൻ ദാസനെ പോറ്റുവാൻ

ശക്തനായ് തീർന്നവൻ കൂടെയുണ്ട്

 

എന്നെ വിളിച്ചവൻ എന്നെ രക്ഷിച്ചവൻ

എന്നാളും എന്നോടു കൂടെയുണ്ട്

 

ഒരു നാളും എന്നെ ഉപേക്ഷിക്കയില്ലെന്നു

പരമാർത്ഥമായവൻ ചൊല്ലീട്ടുണ്ട്

 

ആകാശം ഭൂമിയും ആകെ ഒഴിഞ്ഞാലും

ആയവൻ വാക്കിനു ഭേദമില്ല