എന്നേശു നാഥനെ എന്നാശ നീയേ

എന്നേശു നാഥനെ എന്നാശ നീയേ

എന്നാളും മന്നിൽ നീ മതിയേ

 

ആരും സഹായമില്ലാതെ പാരിൽ

പാരം നിരാശയിൽ നീറും നേരം

കൈത്താങ്ങലേകുവാൻ കണ്ണുനീർ തുടപ്പാൻ

കർത്താവേ നീയല്ലാതാരുമില്ല

 

അല്ലലിൻ വഴിയിൽ ആഴിയിന്നലയിൽ

അലയാതെ ഹൃദയം തകരാതെ ഞാൻ

അന്ത്യം വരെയും നിനക്കായി നിൽപ്പാൻ

അനുദിനം നിൻകൃപ നൽകണമേ

 

ഉറ്റവർ സ്നേഹം അറ്റുപോയാലും

ഏറ്റം പ്രിയർ വിട്ടുമാറിയാലും

മാറ്റമില്ലാത്ത മിത്രം നീ മാത്രം

മറ്റാരുമില്ല പ്രാണപ്രിയാ!

 

നിൻമുഖം നേരിൽ എന്നു ഞാൻ കാണും

എന്മനമാശയാൽ കാത്തിടുന്നു

നീ വരാതെന്റെ കണ്ണുനീരെല്ലാം

തുവരുകയില്ല ഹല്ലേലുയ്യാ!