എക്കാലത്തും ഞാൻ

എക്കാലത്തും ഞാൻ പുകഴ്ത്തുമെന്നരുമരക്ഷകനേശു ദേവാ!

പാപവിഹീനനായ് പാരിടത്തിൽ വന്നു

പാപഹാരിയായ്ത്തീർന്നവനേ!

 

ഉന്നതത്തിൽ നിന്നീ മന്നിൽ മന്നവൻ നീ വന്നെനിക്കായ്

ചെഞ്ചോര ചിന്തി വീണ്ടെടുത്തൻപിൽ

നിൻചാരെ ചേർത്തെന്നെ മാർവ്വണച്ചു

 

അല്ലലെന്നിൽ തെല്ലുമില്ലീയല്ലിലും നിൻ ചൊല്ലെനിക്ക്

ഉല്ലാസം നൽകിയെൻ വല്ലായ്മ നീക്കും നല്ലവനേയാത്മ വല്ലഭനേ

 

സ്നേഹദീപം കത്തിക്കുവാൻ സ്നേഹം തായെൻ ജീവനാഥാ!

സ്നേഹമേയെൻ പ്രേമസംഗീതസാഗരമേ!

സത്യത്തിൻ മോഹന സൗന്ദര്യമേ!

 

അന്നെനിക്കായ് വന്നവനേ! എന്നു നിന്നെ വന്നു കാണും?

അന്നാൾവരെയ്ക്കെന്റെ ജീവിതത്തോണി

ക്കാലംബം നീയല്ലാതാരുമില്ല.