ദുഃഖത്തിന്റെ പാനപാത്രം

ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയിൽ തന്നാൽ

സന്തോഷത്തോടതു വാങ്ങി ഹല്ലേലുയ്യാ പാടിടും ഞാൻ

 

ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ല

എന്നെയവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു

 

കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ്ത്തീരുന്നു ഞാൻ

കഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ്ത്തിരുന്നു ഞാൻ

 

ലോകസൗഖ്യമെന്തു തരും? ആത്മക്ലേശമതിൻ ഫലം

സൗഭാഗ്യമുള്ളാത്മ ജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു

 

ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാ

കൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി

 

ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾ

കൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ

 

ഭക്തന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്

പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്

 

പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻ

യാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ

 

ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻ

സ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്

 

ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ല

എപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളു.