ദൈവത്തിൻ കൃപയെ ചിന്തിക്കാം

ദൈവത്തിൻ കൃപയെ ചിന്തിക്കാം

ദിവ്യജീവൻ നൽകിയതോർക്കാം

 

ഏകസുതനിൽ വിശ്വസിച്ചിടുന്നോർ

ക്കേവർക്കും ജീവൻ നൽകുവാനവനെ

ഏകി ലോകത്തെ സ്നേഹിച്ച കൃപയെ

പുകഴ്ത്തി നമുക്കു സ്തുതിക്കാം

 

ന്യായവിധിയിൻ വാളിന്നു കീഴിൽ

ന്യായമായകപ്പെട്ടാകുലരാകും

നമ്മുടെ ശിക്ഷയഖിലം പുത്രന്മേൽ

ചുമത്തിയ കൃപയോർക്കാം

 

ദൈവമേ! ദൈവമേ! ഈ വിധമെന്നെ

കൈവിട്ടതെന്തന്നലറിക്കരയുവാൻ

ജീവന്റെ നാഥന്നിടയായതെന്തെ

ന്നറിഞ്ഞു നമുക്കു സ്തുതിക്കാം

 

കുരിശിൽ തൻജീവൻ വെടിഞ്ഞുവെന്നാലും

മരണത്തെവെന്നുതാനുയിർത്തു മൂന്നാം നാൾ

പ്രാണന്നു പുതുക്കം പ്രാപിച്ചു നമുക്കും

പ്രണമിച്ചു മുന്നിൽ വീഴാം

 

നമുക്കായിട്ടിന്നും മൽക്കിസദേക്കിൻ

ക്രമത്തിൽ പ്രധാന പുരോഹിതനായി

സ്വർഗ്ഗവിശുദ്ധസ്ഥലത്തെത്തി വാഴു-

ന്നവനെ നമുക്കു സ്തുതിക്കാം

 

വീണ്ടുംവരുന്നു രാജാധിരാജൻ

കണ്ടിടും മേഘം തന്നിൽ നാമവനെ

സ്വന്തജനത്തെ ചേർത്തിടുമുടനെ

ഹല്ലേലുയ്യാ ഗീതം തുടരാം.