ദൈവമക്കളേ! നമ്മൾ ഭാഗ്യശാലികൾ

ദൈവമക്കളേ! നമ്മൾ ഭാഗ്യശാലികൾ

ദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻ

 

വിശ്വസിച്ചു ദൈവപുത്രൻ തന്റെ നാമത്തിൽ

സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ്

നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻ

ആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ

 

ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളിൽ

നമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽ

സൗമ്യമായി കാത്തിരിക്ക ദൈവപുത്രനീ

ഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!

 

മർത്യപാപമിദ്ധരിത്രി ശാപയോഗ്യമായ്

തീർത്തതാൽ വിമോചനം വരുത്തുമേശു താൻ

ഈറ്റുനോവുമേറ്റുകൊണ്ടു ദൈവപുത്രരേ

കാത്തിടുന്നു സൃഷ്ടിജാലമിന്നു ഭൂമിയിൽ

 

ഭാരമേറി മാനസം കലങ്ങിടാതെ നാം

ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ്

പാരിതിൽ നമുക്കു തന്ന കാലമൊക്കെയും

ഭാഗ്യദായകന്റെ സേവനത്തിലേർപ്പെടാം.