ദൈവകരുണയിൻ ധനമാഹാത്മ്യം

ദൈവകരുണയിൻ ധനമാഹാത്മ്യം

നാവാൽ വർണ്ണ്യമോ?

 

ദൈവസുതൻ പശുശാലയിൽ നരനായ്

അവതരിച്ചതു വെറും കഥയോ?

ഭൂവനമൊന്നാകെ ചമച്ചവനൊരു

ചെറുഭവനവും ലഭിച്ചതില്ലെന്നോ?

 

പരമസമ്പന്നനീ ധരണിയിലേറ്റം

ദരിദ്രനായ് തീർന്നു സ്വമനസ്സാ

നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി

ധരിച്ചതും ചെറിയ സംഗതിയോ?

 

അനുദിനമനവധിയനുഗ്രഹഭാരം

അനുഭവിച്ചൊരു ജനമവന്നു

കനിവൊരു കണികയുമെന്നിയേ നൽകിയ

കഴുമരം ചുമപ്പതും കാണ്മീൻ

 

കുരിശു ചുമന്നവൻ ഗിരിമുകളേറി

വിരിച്ചു കൈകാൽകളെയതിന്മേൽ

ശരിക്കിരുമ്പാണികൾ തറപ്പതിന്നായതു

സ്മരിക്കുകിൽ വിസ്മനീയം.