ചൊല്ലാമേ സ്തുതി വല്ലഭനേശുവിന്ന്

ചൊല്ലാമേ സ്തുതി വല്ലഭനേശുവിന്ന്

വല്ലഭന്റെ നല്ല നാമമേറ്റു ചൊല്ലൂ നമ്മളിന്നു

 

സർവ്വം ചമച്ചവൻ പുല്ലിൽക്കിടന്നു

കീറത്തുണിത്തുണ്ടിൽ മാതാവിൻ ചാരേ

ദൈവത്തിൻ സൂനുവെക്കണ്ടു വിദ്വാന്മാർ

കാഴ്ചകളർപ്പിച്ചു തൻസ്തുതി ചെയ്തല്ലോ

 

ദ്വാദശപ്രായത്തിലേശു മഹേശൻ

വേദവെളിവോടങ്ങാലയം പൂകി

വേദത്തിൻ സാരത്തെ ജ്ഞാനത്തോടോതി

വേദജ്ഞരാദരം കാട്ടിയേ തന്മുമ്പിൽ

 

യേശുവിൻ സ്നാനം നടന്നോരു നേര

ത്താകാശേ നിന്നീശ ശബ്ദമുതിർന്നു

ഏവരും തൻ മൊഴി കേൾക്കുക യോഗ്യമാം

 

നീതിയിൻ നേർവഴി പാപിയെക്കാട്ടാൻ

പാപം വഹിച്ചേശു ക്രൂശിന്മേലേറി

ശാപത്തിലാണ്ടോരിൻ വീണ്ടെടുപ്പായി

ജീവനിൽ താനുയിർത്തുന്നതേ വാഴുന്നു

 

പാപത്തിൻ ശിക്ഷ കൊടുപ്പോരു ദൈവം

മോചനം തന്നതോ തൻ നിണം മൂലം

ജീവൻ പകർന്ന തൻ ചോരയാലെന്നും

ശുദ്ധി ലഭിച്ചവർ തൻ സ്തുതി ചെയ്യണം

 

താതൻ തൻവാസസ്ഥലത്തു നമുക്കായ്

വീടുകൾ തീർത്തിട്ടു വേഗം വരുന്നോ

രേശുവിൻ മുന്നിലന്നേവരും വീഴും

കർത്തൻ താനേശുവെന്നെല്ലാരും ചൊല്ലുമേ.