ഭക്തരിൻ വിശ്വാസജീവിതം

ഭക്തരിൻ വിശ്വാസജീവിതം പോൽ- ഇത്ര

ഭദ്രമാം ജീവിതം വേറെയുണ്ടോ?

സ്വർഗ്ഗപിതാവിന്റെ ദിവ്യഭണ്ഡാരത്തെ

സ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്ന

 

അന്യദേശത്തു പരദേശിയായ്

മന്നിതിൽ കൂടാര വാസികളായ്

ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ച

വൻ നഗരത്തിനായ് കാത്തു വസിക്കുന്ന

 

അഗ്നിമേഘസ്തംഭം തന്നിൽ ദൈവം

മാറാതെ കാവൽ നിൽക്കും മരുവിൽ

അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ്

അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന

 

പിന്നിൽ മികബലമുള്ളരികൾ

മുന്നിലോ ചെങ്കടൽ വൻതിരകൾ

എങ്കിലും വിശ്വാസചെങ്കോലു നീട്ടി-വൻ

ചെങ്കടലും പിളർന്നക്കരെയേറുന്ന

 

പാപത്തിൻ തൽക്കാലഭോഗം വേണ്ടാ

ദൈവജനത്തിന്റെ കഷ്ടം മതി

മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും

ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന

 

ചങ്ങല ചമ്മട്ടി കല്ലേറുകൾ

എങ്ങും പരിഹാസം പീഡനങ്ങൾ

തിങ്ങുമുപദ്രവം കഷ്ടതയെങ്കിലും

ഭംഗമില്ലാതെ സമരം നടത്തുന്ന

 

മൂന്നുയാമങ്ങളും വൻതിരയിൽ

മുങ്ങുമാറായി വലയുകിലും

മുറ്റും കടലിന്മീതെ നാലാം യാമത്തി-

ലുറ്റ സഖിയവൻ വന്നിടും തീർച്ചയായ്

 

കഷ്ടതയാകും കടും തടവിൽ

ദുഷ്ടലോകം ബന്ധനം ചെയ്യുകിൽ

ഒട്ടും ഭയമെന്യേയർദ്ധരാത്രിയിൽ- സ

ന്തുഷ്ടരായ് ദൈവത്തെ പാടി സ്തുതിക്കുന്ന

 

ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായി

ക്രിസ്തുവിൽ തന്റെ ധനത്തിനൊത്തു

തീർത്തു തരുന്നൊരു നമ്മുടെ ദേവന്നു

സ്തോത്രം പാടിടുവിൻ ഹല്ലേലുയ്യാ ആമേൻ.