ഭാഗ്യമിതു പ്രാണസഖേ! ഭാഗ്യമിതു

ഭാഗ്യമിതു പ്രാണസഖേ! ഭാഗ്യമിതു

ഭാഗ്യനിധിയാം പരമൻ സഭയ്ക്കരുളിയ ഭാഗ്യമിതു

 

പരമുരുജഡശക്തരില്ല

പ്രാപ്തി തോന്നും യോഗ്യരില്ല

പാർക്കിൽ കുലശ്രേഷ്ഠരല്ല

പരിചോടിതുതാനെനിക്കു മതിയാം

 

തരമെഴുമലങ്കാരമില്ല

സ്ഥാനമാനക്ഷോഭമില്ല

പരനോടെതിർക്കാനേനമില്ല

പരിഭവിക്കിലൊ ക്ഷമിക്ക മാത്രമാം

 

ചിലനാളിവിടെ വലയുന്നാകിൽ

ചലിയാതുള്ളീശനിലയം പൂകാം

കുലബലം കുറഞ്ഞിരിക്കിലുമതു

വിലയായ് വന്നിടാ പരമൻ സന്നിധൗ

 

ജഡികാലംകൃതിയില്ലയെങ്കിൽ

ഫലമൊരു ദോഷം വരുവാനെന്ത്

ജഡമെല്ലാം മണ്ണിൻ പൊടിയല്ലയോ?

പൊടിക്കീശൻ ഭംഗി കൊടുത്തതു മതി

 

കളിഘോഷങ്ങളിൽ രസിപ്പോരല്ല

കർത്തൃഭാവം ധരിപ്പോരല്ല

ബഹുജന സ്തുതിക്കൊതിയരല്ല

പരനെനിക്കു കീഴ്പെടണമെന്നില്ല

 

പൊതുഗുണഭേദമോർക്കാറില്ല

പൊന്നിലാശ വയ്പാറില്ല

മതവൈരാഗ്യത്തിൻ പീഡയില്ല ഗുണമേ

വർക്കുമിന്നൊരുപോൽ ചെയ്തിടാം

 

പരജനപാരമ്പര്യമല്ല

തിരുവെഴുത്തുകൾ താനാധാരം

കുറവെല്ലാം തീർക്കാനതു-

മതിയല്ലാതഖിലം സംശയവിഷയമാം പാർത്താൽ

 

മനുജഭുജങ്ങളുയരാനെന്തു?

മനുവേലൻ കൃപാവരം തന്നില്ലേ?

മനമുണ്ടെങ്കിലിന്നതു മതി സഖേ

പണത്താൽ ദൈവാത്മവരം ലഭിച്ചിടാ

 

പലകുറവുകളിൽ നിന്നു പരിചിൽ

നീങ്ങി വരും തൻസഭ

പരസുതന്റെ വരവിൻകാലം

പരമൻ തങ്കലേക്കെടുക്കപ്പെടുമേ

 

പരനിൻ സവിധം തേടിയോടി

വരും വിശ്വാസികളാകെക്കൂടി

പരമജീവകിരീടം ചൂടി

വരുംനാളൊന്നു ഞാനറിയുന്നേൻ മഹാ

 

ഇവിടെയേറ്റം ദുഃഖിച്ചീടി

ലവിടെയധികമാശ്വസിക്കാം

നവമാം വാനഭൂമികൾക്കുള്ള-

വികലമായൊരവകാശം നേടാം.