അതിരാവിലെ തിരുസന്നിധി

അതിരാവിലെ തിരുസന്നിധി

അണയുന്നൊരു സമയേ

അതിയായ് നിന്നെ സ്തുതിപ്പാൻ

കൃപയരുൾക യേശുപരനേ!

 

രജനീയതിലടിയാനെ നീ സുഖമായ് കാത്ത കൃപയ്ക്കായ്

ഭജനീയ! നിൻതിരുനാമത്തിന്നനന്തം സ്തുതിമഹത്വം

 

എവിടെല്ലാമീ നിശയിൽ മൃതി നടന്നിട്ടുണ്ട് പരനേ!

അതിൽ നിന്നെന്നെ പരിപാലിച്ച

കൃപയ്ക്കായ് സ്തുതി നിനക്കേ

 

നെടുവീർപ്പിട്ടു കരഞ്ഞിടുന്നു പല മർത്യരീ സമയേ

അടിയന്നുള്ളിൽ കുതുകം തന്ന

കൃപയ്ക്കായ് സ്തുതി നിനക്കേ

 

കിടക്കയിൽ വച്ചരിയാം സാത്താനടുക്കാതിരിപ്പതിന്നെൻ

അടുക്കൽ ദൂതഗണത്തെ കാവലണച്ച

കൃപയനൽപ്പം

 

ഉറക്കത്തിനു സുഖവും തന്നെൻ

അരികേ നിന്നു കൃപയാൽ

ഉറങ്ങാതെന്നെ ബലമായ് കാത്ത

തിരുമേനിക്കു മഹത്വം

 

അരുണൻ ഉദിച്ചുയർന്നിക്ഷിതി ദ്യുതിയാൽ വിളങ്ങിടുംപോൽ

പരനേയെന്റെയകമേ വെളിവരുൾക

തിരുകൃപയാൽ