അനുദിനവും അരികിലുള്ള

അനുദിനവും അരികിലുള്ള

അരുമനാഥൻ മതിയെനിക്ക്

അനവധിയായ് അനുഗ്രഹങ്ങൾ

അരുളിയെന്നെ അണയ്ക്കുമവൻ

 

ഒരു നിമിഷം മറന്നിടാതെ

ഒരുദിനവും കൈവിടാതെ

തിരുചിറകിൽ മറവിലെന്നെ

ചേർത്തണയ്ക്കും നാഥനവൻ

 

ഏറിവരും ആധികളിൽ

ഏകനല്ല പാരിതിൽ ഞാൻ

ഏവരും കൈവിട്ടെന്നാലും

ഏറ്റവും നൽ മിത്രമവൻ

 

പാരിതിലെൻ പാതയിൽ ഞാൻ

പതറിടാതെ പരിപാലിക്കും

പരമനാഥൻ മറവിടമാം

പരമപദം അണയുവോളം.