Yusthus Yoseph

പാലക്കാട്ടെ തെമ്മലപ്പുറം താലൂക്കിലെ മഞ്ഞപ്പുറ ഗ്രാമത്തിൽനിന്നം ഒരു ബ്രാഹ്‌മണൻ കുടുംബസമേതം ശാസ്താം കോട്ടയിലേക്ക് കുടിയേറി. ഇതിനും കുറച്ചുകാലം മുമ്പു തമിഴ്നാട്ടിലെ അംബാസമുദ്രത്തിൽനിന്നും കർണഞ്ചുരി രാമപ്പട്ടരും കുടുംബവും ശാസ്‌താംകോട്ടയിൽ കുടിയേറിയിരുന്നു. തുണി വ്യാപാരമായിരുന്നു അദേഹത്തിന്റെ ജോലി. പാലക്കാട് നിന്നും കുടിയേറിയ ബ്രാഹ്മണന്റെ പുത്രി അലമേലുവിനെ രാമപ്പട്ടരുടെ മകൻ സുബയ്യൻ വിവാഹം ചെയ്‌തു. സുബയ്യനു രാമനെന്നും വെങ്കിടേശൻ എന്നും രണ്ടു പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. ഇതിൽ വെങ്കിടേശ ഭാഗവതരുടെ മൂത്തമകനായ രാമയ്യരാണു യുയോമയ മതത്തിന്റെ സ്‌ഥാപകനായത്‌. രാമയ്യർ യുസ്‌തുസ്‌ യോസഫ്‌ അഥവാ യുയോരാലിസൻ വിദ്വാൻകുട്ടി എന്നാണ്‌ അറിയപ്പെട്ടത്‌. സംസ്‌കൃതത്തിൽ അതീവ പാണ്ഡിത്യമുണ്ടായിരുന്ന രാമയ്യർക്ക്‌ രാജാവിനു മുമ്പിൽ പാണ്ഡിത്യം പ്രകടിപ്പിച്ചതിനാണ്‌ വിദ്വാൻകുട്ടി എന്ന പേരുകിട്ടിയത്‌. ബൈബിളിന്റെ സ്വാധീനവും റവ. ജോസഫ്‌ പീറ്റ് എന്ന ക്രൈസ്‌തവ മിഷനറിയുടെ 'പരദേശി മേക്ഷയാത്ര' എന്ന പുസ്‌തകവും രാമയ്യനെ ക്രിസ്‌തുമതത്തിലേക്ക് അടുപ്പിച്ചു. 1861-ൽ രാമയ്യരുടെ കുടുംബം ക്രിസ്‌തുമതം സ്വീകരിച്ചു. യുസ്‌തുസ്‌ യോസഫ്‌ എന്ന പേരും സ്വീകരിച്ചു. തുടർന്നു പരമ്പരാഗത സഭയിൽനിന്നും മാറി 1881 ൽ കന്നേറ്റി ഉണർവ്‌ സഭ എന്ന പേരിൽ ഒരു പ്രാദേശിക സഭ രൂപീകരിച്ചു. ഇതാണു പിന്നീട്‌ യുയോമയസഭയായി മാറിയത്‌. കൊല്ലം കരുനാഗപ്പള്ളിയായിരുന്നു ആദ്യ ആസ്‌ഥാനം. പിന്നീട് യുയോമയസഭ സ്‌ഥാപിച്ചതോടെ ഇദ്ദേഹം വിദ്വാൻകുട്ടി അച്ചനായി. 

ക്രിസ്തീയ ഭക്തിഗാന രചയിതാക്കളിൽ മാർ അപ്രേമിനു സുറിയാനിയിലും, ഐസക് വാട്സിനു ഇംഗ്ലീഷിലും, ഉള്ള സ്ഥാനമാണു യുസ്തൂസ് യോസഫിനു മലയാള ക്രൈസ്തവ പണ്ഡിതർ കല്പിച്ചു കൊടുത്തിട്ടുള്ളത്. കേരളക്രൈസ്തവരുടെ ഇടയിൽ മലയാളത്തിലുള്ള ക്രിസ്തീയകീർത്തനങ്ങൾ വ്യാപകമായി ആലപിക്കാൻ തുടങ്ങിയത് വിദ്വാൻ കുട്ടിയച്ചന്റെ പാട്ടുകൾക്ക് പ്രചാരം ലഭിച്ചതോടെയാണെന്നു പറയപ്പെടുന്നു. വിദ്വാൻകുട്ടി, മഹാകവി കെ.വി. സൈമൺ എന്നിവരുടെ കൃതികൾ മലയാള ക്രൈസ്തഗാനങ്ങൾക്ക് മലയാളത്തിന്റെ സാഹിത്യചരിത്രത്തിൽ നേടിക്കൊടുത്ത സ്ഥാനം അദ്വീതയമാണ്‌. വിദ്വാൻകുട്ടിയച്ഛന്റെ സ്ഥാനം മലയാളക്രൈസ്തവഗാനസാഹിത്യത്തിനു തുടക്കമിട്ട്, അതിനു വിലയും നിലയും ഉണ്ടാക്കി കൊടുത്തു എന്നതാണു.

Your encouragement is valuable to us

Your stories help make websites like this possible.