V Nagel

മലയാളത്തിലുള്ള നിരവധി ക്രിസ്തീയ കീർത്തങ്ങളുടെ രചയിതാവായ ഒരു ജർമ്മൻ വൈദികൻ ആണ് വോൾബ്രീറ്റ് നാഗൽ (Volbreet Nagel). നാഗൽ സായിപ്പ് എന്ന പേരിൽ ആണു ഇദ്ദേഹം കേരള ക്രൈസ്തവരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. വി.നാഗൽ എന്നും അറിയപ്പെടുന്നു. ജനനം 1867 നവംബർ 3നു ജർമ്മനിയിലെ ഹാസൻ എന്ന നഗരത്തിൽ. മരണം 1921 മെയ് 12-നു ജർമ്മനിയിൽ.

ഇപ്പോൾ കേരളക്രൈസ്തവർ സാധാരണ ശവസംസ്കാരശുശ്രൂഷയുടെ സമയത്ത് പാടാറുള്ള സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്നാരംഭിക്കുന്ന പ്രശസ്ത കീർത്തനത്തിന്റെ രചയിതാവ് വി. നാഗൽ ആണ്. പിന്നീട് 21 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഗാനത്തിന്റെ പ്രശസ്തി മലയാളത്തിനപ്പുറത്തേക്കും വളരുകയായിരുന്നു. അരനാഴികനേരം എന്ന സിനിമയിൽ കേട്ടതോടെയാണു് സമയരഥത്തിന്റെ ഗാനം മലയാളത്തിൽ പ്രശസ്തമായത്.


'വി. നാഗൽ കീർത്തനങ്ങൾ' മൊബൈൽ ആപ്പ് 

മലയാളത്തിലുള്ള നിരവധി ക്രിസ്തീയകീർത്തനങ്ങളുടെ രചയിതാവും ജർമൻ വൈദികനുമായിരുന്ന വോൾബ്രീറ്റ് നാഗൽ (Volbreet Nagal)-ന്റെ നൂറാം ചരമവാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രവും, അദ്ദേഹം രചിച്ച 50-ൽ പരം ഗാനങ്ങളും ഉൾപ്പെടുത്തിയ ‘വി. നാഗൽ കീർത്തനങ്ങൾ’ എന്ന മൊബൈൽ ആപ്പ് പുറത്തിറങ്ങി. കേരളക്രൈസ്തവരുടെ ഇടയിൽ നാഗൽ സായിപ്പ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾ സഭാവ്യത്യാസം കൂടാതെ ധാരാളം ആളുകൾ ഇന്നും പാടി ആസ്വദിക്കുന്നു. ഈ ഗീതങ്ങളിൽ നല്ലപങ്കും ദുഃഖത്തിൽ ആശ്വാസം പകരുന്നവയും, സ്തോത്രഗീതങ്ങളും, ക്രിസ്തുവിന്റെ രണ്ടാംവരവിനെ പ്രഘോഷിക്കുന്നവയുമാണ്. ഈ മെയ് 21൹ നാഗൽ സായ്പ്പ് ഓർമയായിട്ട് 100 വർഷം പൂർത്തിയാകുന്നു.

 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ "V Nagal Songs" അഥവാ "വി. നാഗൽ കീർത്തനങ്ങൾ" എന്ന് സെര്‍ച്ച്‌ ചെയ്താല്‍ ആപ്പ് ലഭ്യമാകും.

ആപ്പ്  ഡൗൺലോഡ് ലിങ്ക് : https://play.google.com/store/apps/details?id=com.kristheeyagaanavali.vnagal


ജര്‍മ്മന്‍ മിഷണറിയായ വി. നാഗല്‍ നൂറോളം മലയാള ഗാനങ്ങളും അനേകം ലേഖനങ്ങളും എഴുതി. അദ്ദേഹത്തിന്‍റെഗാനങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു ശേഷവും കേരളീയര്‍ ഇന്നും ആസ്വദിക്കുന്നു. ‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു’ എന്ന് തുടങ്ങുന്ന ഗാനം കേട്ടിട്ടില്ലാത്ത കേരളീയര്‍ ചുരുങ്ങും. മരണത്തെക്കുറിച്ച് പ്രത്യാശ ജനിപ്പിക്കുന്ന വേര്‍പാടിന്‍റ് വേദനയില്‍ ആശ്വാസം പകരുന്ന, ഈ മധുരഗാനം കേരളത്തിലെ ജനങ്ങളെ ജാതി മത ഭേദമെന്യേ ആകര്‍ഷിക്കുന്നു. 

ഏതാണ്ട് നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്  സുവിശേഷ പ്രചാരണാര്‍ത്ഥം കേരളത്തില്‍ എത്തിയ  വി. നാഗല്‍ എന്ന ജര്‍മ്മന്‍ മിഷണറിയാണ് ഈ ഗാനത്തിന്‍റെ രചയിതാവ് എന്നത് എത്ര പേര്‍ക്കറിയാം? ഭക്തിസംവര്‍ദ്ധകമായ  മറ്റനേകം ഗാനങ്ങളുടെയും രചയിതാവാണീ വിദേശ മിഷണറി. ഒരു വിദേശീയന് മലയാള ഭാഷയില്‍ ഇത്ര ഹൃദ്യമായി ഗാനങ്ങളും മറ്റും എഴുതുവാന്‍ കഴിഞ്ഞുവെന്നത് അത്ഭുതകരമല്ലേ? 

നൂറോളം ഗാനങ്ങള്‍ നാഗല്‍ മലയാളത്തിന് കാഴ്ച വച്ചിട്ടുണ്ട്.  കേരളത്തിലെ പ്രസിദ്ധമായ  ക്രിസ്തീയ കണ്‍വെനഷനുകളില്‍ അദ്ദേഹത്തിന്‍റ് ഗാനങ്ങള്‍ക്ക് പ്രത്യേക സ്ഥാനം ലഭിച്ചിട്ടുണ്ട്.  “യേശുവേ നിന്‍റെ രൂപമീയെന്‍റെ കണ്ണുകള്‍ക്കെത്ര സൌന്ദര്യം”‍ എന്ന ഗാനം വളരെ പ്രസിദ്ധമാണല്ലോ? 

1867 നവംബര്‍ മൂന്നിനു ജര്‍മ്മനിയില്‍ ഹാസ്സന്‍ നഗരത്തില്‍ ജനിച്ച നാഗല്‍ 25-മത്തെ വയസ്സില്‍ സുവിശേഷ പ്രചരണാര്‍ത്ഥം ഭാരതത്തിലെത്തി.  ബാസ്സല്‍ മിഷന്‍ എന്ന സുവിശേഷ സംഘടനയാണ് ഒരു മിഷണറി പട്ടക്കാരനായി അദ്ദേഹത്തെ  1892-ല്‍ കേരളത്തിലേക്കയച്ചത്.  കണ്ണൂരില്‍ താമസിച്ചു അദ്ദേഹം കേരളത്തിലെ തന്‍റെപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.  തുടര്‍ന്ന് ഷോര്‍ണ്ണൂരിനടുത്തുള്ള വാണിയംകുളത്ത് താമസമാക്കി.  അവിടെ വെച്ചു അദ്ദേഹം ബാസ്സല്‍ മിഷന്‍ ബന്ധം വിട്ടു. പിന്നീട് കുന്നംകുളത്ത് വരികയും അവിടം കേന്ദ്രമാക്കി പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു. 

കുന്നംകുളത്ത് അദേഹത്തിന്‍റെ വിശ്വാസ പ്രമാണങ്ങളില്‍ ആദ്യമായി ആകൃഷ്ടനായത് അധ:കൃത വര്‍ഗ്ഗത്തില്‍ പ്പെട്ട ഒരു വെളിച്ചപ്പാട്‌ ആയിരുന്നു.  പിന്നീട് തന്‍റെ പ്രവര്‍ത്തനം മൂലം അനേകര്‍ മാനസ്സാന്തരപ്പെട്ടു.  ഈ അവസരത്തിലാണ് ഹാന്‍ഡ് ലി ബേര്‍ഡ് എന്ന വിദേശ ബ്രദറണന്‍ മിഷണറിയുമായി പരിചയപ്പെടുന്നതും അദ്ദേഹത്തോടോരുമിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.

ഹാരിയറ്റ്‌ മിച്ചല്‍ എന്ന ആംഗ്ളോ ഇന്ത്യന്‍ യുവതിയും നാഗലും തമ്മിലുള്ള വിവാഹം 1897 ല്‍ കുന്നംകുളത്ത് വെച്ചു നടന്നു. ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍റെ മകളും അധ്യാപികയുമായിരുന്ന ഹാരിയട്ടുമൊത്തുള്ള ജീവിതം മലയാള  ഭാഷയില്‍ അദേഹത്തിനുണ്ടായിരുന്ന പോരായ്മകള്‍ പരിഹരിക്കുന്നതിനും പ്രയോജനപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാം അവര്‍ ഒരു വലിയ സഹായമായിരുന്നു.

ഈ ദമ്പതികള്‍ക്ക് ഏഴു സാന്താനങ്ങള്‍ ജനിച്ചെങ്കിലും ഒരു  ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ബാല്യത്തില്‍ തന്നെ മരണമടഞ്ഞു. അഞ്ച് ആണ്‍മക്കളില്‍ മൂന്നാമനായ ഗോഡ്‌ലിഫ് പിതാവിന്‍റെ കാലടികള്‍ പിന്തുടന്ന് വൈദിക പഠനത്തിന് ശേഷം അങ്കമാലിയില്‍ സുവിശേഷ വേല ആരംഭിച്ചെങ്കിലും അധികം താമസിയാതെ ഉദര സംബന്ധമായ രോഗം ബാധിച്ചു അദ്ദേഹം മരിച്ചു. 

നാഗല്‍ വടക്കന്‍ പ്രദേശങ്ങളെ കൂടാതെ കുമ്പനാട്, ചെങ്ങന്നൂര്‍, ഇലന്തൂര്‍, കല്ലിശ്ശേരി, കുറ്റപ്പുഴ, കുറിയന്നൂര്‍, കോഴഞ്ചേരി, കോയിപ്രം, കൊട്ടാരക്കര, കവുങ്ങുംപ്രയാര്‍, നെടുപ്രയാര്‍, പുതുപ്പള്ളി, റാന്നി, അടൂര്‍, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മത പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു.  സുവിശേഷം ജയിലറകളില്‍ എത്തിക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചു.  പറവൂര്‍ ജയിലില്‍ രണ്ടു കൊലക്കുറ്റവാളികള്‍ക്ക്‌ മന:പരിവര്‍ത്തനമുണ്ടാക്കി.  അവരില്‍ ഒരാളെ തൂക്കിലേറ്റെണ്ട  സമയം തൂക്കു മേടയില്‍ കയറി നിന്ന് കൊണ്ട് നാഗല്‍ അയാളെ ധൈര്യപ്പെടുത്തി. “പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം” എന്ന നാഗലിന്‍റെ ആ പാട്ട് ആ കൊലപ്പുള്ളി ഉച്ചത്തില്‍ പാടി പ്രാര്‍ത്ഥനയോടെ കൊലക്കയറിനെ സ്വീകരിച്ചു.  മറ്റേ കൊലയാളിയും ഇപ്രകാരം തന്നെയാണ് കൊലക്കയറിനെ സ്വീകരിച്ചത്.

മറ്റു സുവിശേഷ മിഷണറിമാരെപ്പോലെ നാഗലും സുവിശേഷ പ്രചാരണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിപ്പോന്നു. 1906-ല്‍ തൃശൂരിലെത്തിയ നാഗല്‍ എഴുപത്തഞ്ചു ഏക്കര്‍ സ്ഥലം വാങ്ങി വിധവകള്‍ക്കും അവശ വിഭാഗക്കാര്‍ക്കുമായി ധാരാളം വീടുകളും പെണ്‍കുട്ടികള്‍ക്കായി  ഒരു അനാഥാലയവും പണിത്. “രഹബോത്ത്‌” എന്ന് അദ്ദേഹം ഈ സ്ഥലത്തിന് പേര് നല്‍കി.  ഇത് കൂടാതെ ഒരു പ്രാര്‍ത്ഥനാലയവും ഒരു സ്കൂളും അദ്ദേഹം അവിടെ സ്ഥാപിച്ചു.

മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങള്‍ എന്നത് പോലെ അവരുടെ ഭൌതിക ആവശ്യങ്ങളും അദേഹത്തിന്‍റെ ശ്രദ്ധയിലുണ്ടായിരുന്നു.  ദരിദ്രരോടൊപ്പം അദ്ദേഹം പലപ്പോഴും അദ്ദേഹം ദാരിദ്ര്യം അനുഭവിച്ചു.  ഉടുതുണിക്ക് മറുതുണിയില്ലാതെ കടം വാങ്ങിപ്പോലും ഉടുക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്.  വെറും മുളക് മാത്രം കൂട്ടി കഞ്ഞി കുടിക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്.  സ്വന്തം കൈ കൊണ്ടു മണ്ണ് കുഴച്ചു സാധുക്കള്‍ക്ക് വീട് കെട്ടി ക്കൊടുത്ത സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. 

കേരളീയരെ സ്വന്തം സ്വസഹോദരീ സഹോദരങ്ങള്‍ ആയി കണ്ട നാഗല്‍ മലയാള ഭാഷയെ സ്വന്തം ഭാഷയായും കരുതി. മലയാള ഭാഷക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഒരു കേരളീയനും വിസ്മരിക്കാവതല്ല.  ലളിതമായ ശൈലിയില്‍ തെരുവുകളില്‍ അദ്ദേഹം നടത്തിയ മലയാള പ്രഭാഷണങ്ങള്‍ കേള്‍വിക്കാരെ ഹഠദാഹര്‍ഷിക്കുവാന്‍ പോരുന്നവ ആയിരുന്നു.

പല ലഘു ലേഖകളും, പുസ്തകങ്ങളും മലയാളത്തില്‍ അദേഹത്തിന്‍റെതായിട്ടുണ്ട്.  സഭാ വ്യത്യാസം കൂട്ടാതെ ധാരാളം കേരള െെക്രസ്തവര്‍ ഇന്നും അദേഹത്തിന്‍റെ ഗാനങ്ങള്‍ പാടി ആസ്വദിക്കുന്നു.  ദുഖത്തില്‍ ആശ്വാസം പകരുന്നവയും, സ്തോത്ര ഗീതങ്ങളും, ക്രിസ്തുവിന്‍റെ രണ്ടാം വരവിനെ പ്രകീര്തിക്കുന്നതുമായവയാണ് അവയില്‍ നല്ല പങ്കും.  “എന്നിലുദിക്കണമെ ക്രിസ്തേശുവേ, നീ കൂടെപ്പര്‍ക്ക എന്നേശു രാജനെ, നിന്നോട് പ്രാര്‍ഥിപ്പാന്‍ പ്രീയ പിതാവേ വന്ന നിന്‍ മക്കളെ ചെവിക്കൊണ്ടാലും, ഗോല്‍ഗോത്തായിലെ കുഞ്ഞാടെ ഇവ അവയില്‍ ചിലത് മാത്രമാണ്. പ്രസിദ്ധിയോ ജനപ്രീതിയോ സമ്പത്തോ മോഹിക്കാതെ ത്യാഗ സമ്പന്നമായൊരു ജീവിതം നയിച്ച ആ ഭാവനാശാലി ഒരു നല്ല ഗായകന്‍ കൂടി ആയിരുന്നു.

കേരളത്തിനും, മലയാളത്തിനും വലിയ സംഭാവനകള്‍ നല്‍കിയ ആ ജര്‍മ്മന്‍ മിഷണറി / കവി  1914ല്‍ തന്‍റെ രണ്ടു മക്കളോടൊപ്പം ജര്‍മ്മനിയിലേക്ക് മടങ്ങിപ്പോയി.  എന്നാല്‍ ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതിനാല്‍ തിരികെ ഇന്ത്യയിലേക്ക് മടങ്ങി വരുവാന്‍ കഴിഞ്ഞില്ല. 1921 മെയ്‌ മാസം 21ന് ബര്‍ലിന്‍ നഗരത്തിനടുത്തുള്ള വിട് നെസ്റ്റിൽ വെച്ചു നാഗല്‍ ഇഹലോക വാസം വെടിഞ്ഞു.  1935-ല്‍ അദേഹത്തിന്‍റെ ഭാര്യ മിച്ചലും ഇഹലോക വാസം വെടിഞ്ഞു.

കേരളത്തിൽ വന്നു മിഷനറി പ്രവർത്തനം ലക്‌ഷ്യമാക്കി നാഗൽ സായിപ്പ് മലയാളം പഠിച്ചു എന്നു മാത്രമല്ല അതിൽ പ്രാവീണ്യം ഉള്ളവനുമായി തീരുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ പാട്ടുകൾ ഈണത്തിൽ പാടാനും ജർമ്മൻ ഭാഷയിൽ കൊച്ചു കൊച്ചു ഗാനങ്ങൾ എഴുതാനും നാഗൽ സായിപ്പ് താത്പര്യം പ്രദർശിപ്പിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ വാസന മലയാള ഗാനരചനയ്ക്ക് അദ്ദേഹം ഉപയോഗിച്ചു. തനിക്ക് പ്രിയങ്കരങ്ങളായ ഇംഗ്ലീഷ് രാഗങ്ങൽ അവലംബിച്ച് ഉപദേശ നിഷ്ഠയിൽ ആശയ സമ്പുഷ്ടതയോടെ ഭക്തി സംവർദ്ധകങ്ങളായ ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം രചിച്ചു. അതൊക്കെ ഇപ്പോൾ സഭാവ്യത്യാസം കൂടാതെ കേരള ക്രൈസ്തവർ അവരുടെ ആരാധനകളിൽ ഉപയോഗിക്കുന്നു.

നാഗൽ സായിപ്പിന്റെ ഗാനങ്ങൾ

അദ്ദേഹത്തിന്റെ പ്രശസ്തമായ ചില മലയാള ക്രൈസ്തവ ഗാനങ്ങൾ താഴെ പറയുന്നവ ആണ്‌.

വി. നാഗൽ രചിച്ച കീർത്തനങ്ങൾ