Thiruvedathin porule mama

തിരുവേദത്തിൻ പൊരുളേ മമ ഗുരുവായ മഹേശജനേ

അരുളേണമീ സമയം തവ പരമാമൃതമാം വചനം

 

പരിശുദ്ധ വേദമതിൽ നിന്നത്ഭുത കാര്യങ്ങൾ കാണ്മതിനായ്

തുറക്കേണമേ മമ കൺകൾ നീ കൃപയോടു പരാപരനേ

 

പരമാവിയിൻ വരമേകണം വിരവോടെയീ ദാസനു നീ

പരമാനന്ദകരമാം മൊഴി പരിചോടു ഗ്രഹിപ്പതിനായ്

 

ഉലകമതിൻ പല ചിന്തകൾ ബലമായി വന്നെൻ മനസ്സി

ന്നലമ്പൽ ചെയ്യാതിരിക്കാനടിയനെ കാത്തു സൂക്ഷിക്കണമേ

 

മധുരം തവവചനം എനിക്ക് തേൻകട്ടയേക്കാളധികം

സതതം മഹാനിധിയാമിതു സദയം തരണം പരനേ

 

ഉലകമതിൽ വിലയേറിയ പല മുത്തുരത്നങ്ങളെക്കാൾ

അലങ്കാരമായ് വിലസിടുന്നു ബലമേറിയ നിൻമൊഴികൾ

 

മറവായുള്ള മഹാമർമ്മങ്ങൾ മനതാരിൽ പതിവതിന്നായ്

മറക്കാതെ ഞാൻ കരുതിടുവാൻ തരണം കൃപയെയധികം.