Eravinnirul nira theerarayi

ഇരവിന്നിരുൾ നിര തീരാറായ് പകലിൻ കതിരൊളി കാണാറായ്

പുതിയൊരു യുഗത്തിൻ പുലരിവരും

നീതിയിൻ കതിരോനൊളി വിതറും

അധിപതി യേശു വന്നിടും അതുമതിയാധികൾ തീർന്നിടും

 

ഉണരിൻ ഉണരിൻ സോദരരേ! ഉറങ്ങാനുള്ളോരു നേരമിതോ?

ഉയിർതന്നോനായ് ജീവിപ്പാൻ ഉണ്ടോ വേറൊരു നേരമിനി?

 

തരിശു നിലത്തെയുഴാനായി തിരുവചനത്തെ വിതയ്ക്കാനായ്

ദരിശനമുള്ളവരെഴുന്നേൽപ്പിൻ കുരിശിൻ നിന്ദ വഹിക്കാനായ്

 

ഇന്നു കരഞ്ഞു വിതയ്ക്കുന്നു പിന്നവരാർപ്പോടു കൊയ്യുന്നു

ഇന്നു വിതയ്ക്കാ മടിയന്മാരന്നു കരഞ്ഞാൽ ഗതിയെന്ത്?

 

കത്തിത്തീർന്നൊരു കൈത്തിരിപോൽ

പൂത്തുപൊഴിഞ്ഞൊരു പൂവെപ്പോൽ

എത്തിത്തിരികെ വരാതെ പോം കർത്തവ്യത്തിൻ നാഴികകൾ

 

സ്നേഹം നമ്മുടെയടയാളം ത്യാഗം നമ്മുടെ കൈമുതലാം

ഐക്യം നമ്മുടെ നല്ല ബലം വിജയം നമ്മുടെയന്ത്യഫലം

 

തീയിൽ നമ്മുടെ വേലകളെ ശോധനചെയ്യും വേള വരും

മരം പുല്ലു വയ്ക്കോൽ ഇവ വെന്തുപോയാൽ ബാക്കിവരും എന്ത്?

 

ഇന്നിഹ നിന്ദിതർ ഭക്തഗണം അന്നു നടത്തും ഭൂഭരണം

കേഴും ഖിന്നത തീർന്നവരായ് വാഴും നമ്മൾ മന്നവരായ്