Baabeladimayin kashdathakal

ബാബേലടിമയിൻ കഷ്ടതകൾ

നിനച്ചീടുകിലായതിനറ്റമില്ലാ

ശോഭതിങ്ങീടുന്ന ദൈവനജനങ്ങളാ

ദേശത്തടിമകളായിരുന്നു

 

പാട്ടുകൾ പോയവർ വീണകൾ വായിപ്പാനൊട്ടും

കഴിയാതിരുന്നു പോയി

ചിന്താവിവശരായ് സീയോനെയോർത്തവ

രന്തമെന്യേ കണ്ണീർ വാർത്തിരുന്നു

 

ദൈവാലയത്തിലെ ഭംഗിയും ഭക്തിയുമുള്ളോരു

സേവകൾ നഷ്ടമായി

യാഗവും യാഗമൃഗങ്ങളുമില്ലിനി

ദേവാലയം ചുട്ടുചാമ്പലായി

 

ഭാഷ മറിഞ്ഞുപോയ് വേദം ഗ്രഹിക്കുവാൻ

ശേഷിയില്ലാതെയായ് തീർന്നിതല്ലോ

ബാബേൽ കുഴപ്പത്തിൽ നാവും നയനവും

തീരെപ്പിശകീടും നിശ്ചയമേ

 

മുന്തിരിങ്ങാപ്പഴ മത്തിപ്പഴങ്ങളും

തിന്മാൻ കിടച്ചില്ലടിമനാട്ടിൽ

സ്വന്ത ദേശത്തിലെ സ്വാദുള്ള ഭോജനം

ചിന്തയിൽപോലും രുചിച്ചതില്ല

 

സ്വാമികളായ് നിജനാട്ടിൽ വസിച്ചവർ

ദാസരായൂഴിയം ചെയ്തിടുന്നു

ആജ്ഞകൊടുത്തവരാജ്ഞകൾ പാലിപ്പാൻ

കാത്തു നിന്നിടണമെന്നു വന്നു

 

സന്തോഷം കൊണ്ടിരു കൺകൾ വികസിച്ച

സുന്ദരരൂപികളന്യ നാട്ടിൽ

കണ്ണീരൊലിപ്പിച്ചു കൺകൾ കുഴിഞ്ഞങ്ങു

 

യാവിന്നടിയിണ സേവിച്ചിരുന്നൊരു

ദൈവജനങ്ങിലായിരങ്ങൾ

ബേൽവിഗ്രഹത്തിനു മുമ്പിൽ വണങ്ങുന്ന

കാഴ്ചയോ ചങ്കു തകർത്തിടുന്നു

 

വെള്ളപ്പളുങ്കുപോൽ സ്വച്ഛതയാണ്ടൊരു

ദൈവപ്രമാണം മറന്നിവിടെ

കള്ളപ്പുരോഹിത തന്ത്രം ശ്രവിക്കുന്ന

തുള്ളമശേഷം പൊരിച്ചിടുന്നു

 

ജ്ഞാനാർത്ഥകമായോരാരാധന ക്രമം

തീരെ മറുകൃതിയാക്കിയഹോ!

വസ്തുമയമായോരാരാധനക്രമം

തീർത്തു നടത്തുന്നടിമനാട്ടിൽ.