Vandikkunnen yesudevaa

വന്ദിക്കുന്നേൻ യേശുദേവാ!

വീണു വണങ്ങിയാരാധിക്കുന്നേൻ

 

വിൺനഗരം വിട്ടു മന്നിൽ വന്ന

നിൻ സ്നേഹമോർത്തു ഞാൻ വാഴ്ത്തിടുന്നേൻ

നിൻ നിണത്താലെന്നെ ശുദ്ധി ചെയ്തു

നിൻ സുതനാക്കി, ഹാ! എത്ര മോദം!

തന്നു എന്നുള്ളിൽ നിൻ വൻ കൃപയാൽ

 

കാൽവറി മാമലയുന്നതത്തിൽ

എൻപേർക്കായ് യാതനയേറ്റ നാഥാ!

നിന്ദകളെൻ പേർക്കായേറ്റു ക്രൂശിൽ

വന്ദിതൻ പ്രാണൻ വെടിയുകയാൽ

നിന്നെ ഞാൻ പാടിപ്പുകഴ്ത്തുമെന്നും

 

പാപത്താൽ രോഗിയായ് ക്ഷീണനായ് ഞാൻ

പാതയറിയാതെ പോയ നേരം

തേടിവന്നെന്നെ നീയാരണ്യത്തിൽ

തോളിൽ വഹിച്ചെന്നെ കൊണ്ടുവന്ന്

ആലയിൽ ചേർത്തതാൽ വാഴ്ത്തിടുന്നു

 

നീയറുക്കപ്പെട്ടു നിൻ നിണത്താൽ

ഗോത്രങ്ങൾ ഭാഷകൾ വംശങ്ങളിൽ

നിന്നു നീ ഞങ്ങളെ വീണ്ടെടുത്തു

ആത്മാവിൽ ആനന്ദം തന്നതാലെ

എക്കാലവും ഞങ്ങൾ വാഴ്ത്തിടുമേ.