Karthaavu njangalkku sankethamaanennum

കർത്താവു ഞങ്ങൾക്കു സങ്കേതമാണെന്നും

ശാശ്വതദൈവമെന്നും എന്നാൽ

ശോഭിക്കും രാവിലെ വാടും പൂവെന്നപോൽ മായുന്നു മന്നിൽ നരൻ

 

മണ്ണിനാൽ നിർമ്മിച്ചു ദൈവം മനുഷ്യനെ

മന്നിൽ മോദേന വാഴാൻഎന്നാൽ

മന്നിൽ പാപംമൂലം മർത്യനായ് തീർന്നവൻ

മണ്ണിൽ ലയിച്ചിടുന്നു

 

ശക്തനെന്നാകിലും ഭക്തനെന്നാകിലും

മന്നനെന്നായിടിലും പാരം

കണ്ണീരോടെ വന്നു വേഗേന തീരുന്നു

നിത്യലോകം ചേരുന്നു

 

അന്ത്യനാളിന്നായിട്ടെണ്ണാൻ കഴിയണേ

ഞങ്ങൾക്കറിവില്ലതിൽ പാരം

ജ്ഞാനം പ്രാപിച്ചിടാൻ നിൻപാത കാംക്ഷിപ്പാൻ ആവേശമേകിടേണം

 

ബാല്യവും യൗവനകാലവും മായയാം

ഭാഗ്യനാൾ അന്ത്യമാകാം ദേവാ!

ജീവിതം ധന്യമായ് കാത്തിടുവാനെന്നും

കാരുണ്യമേകിടേണം

 

തോന്നേണമേ സഹതാപമീയേഴയിൽ

ഭാരങ്ങളേറുന്നേരം ദേവാ

തൃപ്തരാക്കിടണം നിൻദയയാൽ ഞങ്ങൾ ഘോഷിപ്പാനായുസ്സെല്ലാം

 

ഇന്നു കാണുന്നവൻ നാളെ കാണാതാകാം

ശാശ്വതമല്ലൊന്നുമേ ഭൂവിൽ

നീ വിളിക്കുന്നേരം ആരറിയും ദേവാ!

സ്വസ്ഥത നിൻ സവിധേ

 

ഒന്നുമില്ലാതെ നാം വന്നു, ഭൂവിൽനിന്നും

ഒന്നുമില്ലാതെ പോകും എന്നാൽ

കർത്താവിനെന്നപോൽ ചെയ്തതാം നന്മകൾ

പിൻചെല്ലും നിത്യതയിൽ

 

കാഹളനാദം ധ്വനിക്കുവോളം ലോകം

നീറുന്നു ദീനതയിൽ ദേവാ!

ആശ്വാസമേകുക നിൻവാക്കിനാൽ ഞങ്ങൾ

ആശ്വാസമുൾക്കൊള്ളുവാൻ.