Dhukathinte paanapathram

ഒരിക്കൽ സാധു കൊച്ചുകുഞ്ഞു ഉപദേശി സുവിശേഷ പ്രഘോഷണം നടത്തുന്നതിനിടയിൽ ഒരു ശുശ്രുഷകൻ അദ്ദേഹത്തിന് ഒരു കുറിപ്പ് നൽകി.

കുറിപ്പിൽ ഇപ്രകാരം എഴുതിയിരുന്നു,
"ഉപദേശി, താങ്കളുടെ വചന പ്രഘോഷണ ശുശ്രുഷ നിർത്തിയാലും. എന്തെന്നാൽ അങ്ങയുടെ മകൻ മരണപ്പെട്ടിരിക്കുന്നു."

കുറിപ്പ് മടക്കി മാറ്റിക്കൊണ്ട് തന്നെ നോക്കിയിരിക്കുന്ന ദൈവമക്കളോട് അദ്ദേഹം പറഞ്ഞു.

സഹോദരങ്ങളെ,
എനിക്ക് ഇപ്പോൾ കിട്ടിയ കുറിപ്പിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
എന്റെ മകൻ മരിച്ചു പോയി.
പക്ഷെ, ഈ വചന ശുശ്രുഷ നിങ്ങളോടൊപ്പം പങ്കുവയ്ക്കുവാൻ പരിശുദ്ധാന്മാവ് എന്നെ നിർബന്ധിക്കുന്നു.

റോമാ 8:28 "തന്നെ സ്നേഹിക്കുന്നവർക്ക് , തന്റെ പദ്ധതി അനുസരിച്ചു വിളിക്കപ്പെട്ടവർക്ക് സർവ്വതും അവിടുന്ന് നന്മയാക്കി മാറ്റുന്നു" എന്ന് നമുക്കറിയാമല്ലോ…

ഇങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം വീണ്ടും വചനം പങ്കുവച്ചു.
എല്ലാത്തിനും ഒടുവിൽ ശുശ്രുഷ കഴിഞ്ഞു തന്റെ സഞ്ചി തോളിൽ ഇട്ട്, ബൈബിൾ മാറോട് ചേർത്തുകൊണ്ട് പറഞ്ഞു.

അവിടെനിന്നും ഇറങ്ങി വീട്ടിലേക്ക് അദ്ദേഹം നടന്നു.
വഴി യാത്രയിൽ സാത്താൻ അദ്ദേഹത്തിന് ദുഷ്പ്രേരണയുമായി എത്തി.
"ഇനിയും നീ ദൈവത്തെ സ്നേഹിക്കുന്നുവോ ??

നീ ദൈവത്തിന്റെ വചനം പങ്കുവയ്ക്കുന്നു. എന്നാൽ ദൈവം നിന്നോട് എത്ര ക്രൂരതയാണ് ചെയ്തത്??

ഇതാണോ ദൈവത്തിന്റെ നന്മ. ദൈവത്തോട് ചേർന്നു നിൽക്കുന്നവന് ഇതാണോ ദൈവം ചെയ്യുന്ന നന്മ??"

തൻറെ തലച്ചോറിനെ മർദിച്ചു സാത്താൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ കൊച്ചുകുഞ്ഞു ഉപദേശി തന്റെ ആത്മാവിൽ സ്തുതിക്കുവാൻ തുടങ്ങി.

വചനങ്ങൾ പറഞ്ഞു കൊണ്ടും സ്തുതിച്ചു കൊണ്ടും അദ്ദേഹം വീട്ടിലേക്ക് നടന്നു നീങ്ങി.

തന്റെ നാവിലൂടെ പുറത്തു വന്ന വാക്കുകൾ അദ്ദേഹം കോർത്തിണക്കി.

വീട്ടിൽ എത്തിയപ്പോൾ നിറഞ്ഞു നിൽക്കുന്ന ജനത്തെ തിരിഞ്ഞു മാറ്റിക്കൊണ്ട് അദ്ദേഹം മുറിയിൽ കടന്നു.

കരഞ്ഞു കലങ്ങിയിരിക്കുന്ന പല കണ്ണുകളെയും നോക്കി കൊണ്ട് തന്റെ പ്രിയപ്പെട്ട മകനെ നോക്കി മുട്ടിന്മേൽ നിന്നുകൊണ്ട് അദ്ദേഹം തന്റെ മകനെ കോരിയെടുത്തു പുറത്തേക്ക് നടന്നു.

വീടിനു മുന്നിൽ നിന്നുകൊണ്ട് ആകാശങ്ങളുടെ വിദൂരത്തിലേക്ക് നോക്കികൊണ്ട് അദ്ദേഹം നിത്യപിതാവിനോട് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിച്ചു, ആ പ്രാർത്ഥന ഒരു സ്‌തുതിഗീതമായി (പാട്ടായി) ഉപദേശിയുടെ അധരത്തിലൂടെ പുറത്തുവന്നു. 
ആ ഗാനം അന്നും ഇന്നും അനേകം മക്കൾക്ക് ആശ്വാസമായി നിലകൊള്ളുന്നു. അനേകം വിശ്വസികൾക്കും, വ്യക്തികൾക്കും തകർന്ന ഹൃദയങ്ങൾക്കും പുതുജീവനേകി പരിശുദ്ധാന്മാവ് ആശ്വാസത്തിന്റെ പുതു ജീവനേകുന്നു.

നമ്മുടെ ജീവിതത്തിലും പ്രശ്നങ്ങൾ
ഉണ്ടാവുമ്പോൾ, പിശാച് പ്രലോഭനങ്ങളുമായി വരുമ്പോൾ
സാധു കൊച്ചുകുഞ്ഞു ഉപദേശിയെ പോലെ
നമ്മുക്കും ദൈവപിതാവിനെ ആത്മാവിൽ പാടി സ്തു‌തിക്കാം.

"ദു:ഖത്തിന്റെ പാനപാത്രം…
കർത്താവെന്റെ കയ്യിൽ തന്നാൽ…
സന്തോഷത്തോട്തു വാങ്ങി
ഹല്ലേലൂയാ പാടിടും ഞാൻ…

ദോഷമായിട്ടെന്നോടൊന്നും…
എന്റെ താതൻ ചെയ്കയില്ല…
എന്നെയവൻ അടിച്ചാലും…
അവനെന്നെ സ്നേഹിക്കുന്നു…

ലോകത്തെ ഞാൻ ഓർക്കുന്നില്ല
കഷ്ടനഷ്ടം ഓർക്കുന്നില്ല
എപ്പോഴെന്റെ കർത്താവിനെ
ഒന്നുകാണാംമെന്നേയുള്ളു ,,,

സാധു കൊച്ചുകുഞ്ഞു ഉപദേശിയെപോലെ ആ വലിയ പ്രത്യാശയോടുകൂടി നല്ല പോരാട്ടം പോരാടി യേശുവിലേക്കു നോക്കി കൊണ്ട് നമുക്കു മുന്നോട്ടു ഓടാം. അതിനു ദൈവം നമ്മെ ശക്തരാക്കട്ടെ...