ഉന്നത യാനൃപ നന്ദനനേ!

ഉന്നത യാനൃപ നന്ദനനേ! തവ പൊന്നുവദനമീ

ഞാനെന്നു കാണും ദേവാ!

 

മന്നവമന്നനേ! മനുകുലമാന്യനേ!

നിന്നടിമലരിണയെൻ ശരണം ദേവാ!

 

വേഗം വരുന്നു ഞാനേവമരുളിയോ

രാഗിരം നിനച്ചു ഞാനാവലോടിരിക്കുന്നേൻ

 

വാനവും ഭൂമിയും നീങ്ങുകിലും തവ

വാക്കുകളൊഴിയുമോ ഭാഗ്യനിധേ ദേവാ!

 

ഭീതികരമാമീ ശോധനകൾക്കിടെ

മോദമാർന്നിരിപ്പതിന്നേതു വിധം ദേവാ!

 

ബോധമിരുളുന്നു സാദമിയലുന്നു

ഖേദവുമേറുന്നു കേണിടുന്നേൻ ദേവാ!

 

ജീവനെ നൽകുവാൻ ചാവിനുൾപൂകിയ

ജീവനൗഷധമാമെൻ ശ്രീനിധേ! വന്ദനം

 

രാജശിഖാമണേ! നീചനാമെൻമേൽ നിൻ

തേജസ്സാം നിറവൊഴിച്ചാശ്വസിപ്പിക്ക മാം.