തേനിലും മധുരമേശുവിൻ നാമം

തേനിലും മധുരമേശുവിൻ നാമം

ദിവ്യമധുരാമമേ അതു

തേടുകിലുലകിലേവനും സദൃഢം

നേടും നിത്യാനന്ദത്തെ

 

പാതയിലെന്നും നല്ലൊരു

ദീപവുമാപത്തിലഭയവുമേ എന്റെ

വ്യാധിയിലൗഷധമാധിയിലാനന്ദം

സകലവുമെനിക്കവനാം

 

ലോകസുഖങ്ങൾ സ്വപ്നസമാന-

മാകെയകന്നൊഴിയും സർവ്വ

ശോകവും തീർക്കുമേശുവിൻ

നാമം ശാശ്വതം ശാശ്വതമേ

 

മാനവരൂപമണിഞ്ഞവനുലകിൽ

താണവനായെങ്കിലും സർവ്വ

മാനവർ വാനവരഖിലരുമൊരുപോൽ

തൻപദം കുമ്പിടുമേ

 

ലാഭമെന്നുലകം കരുതുവതഖിലം

ചേതമെന്നെണ്ണുന്നു ഞാൻ എന്റെ

ലാഭമിനിയുമെന്നേശുവിൻ തൃപ്പദം

ചേർന്നിടും ഞാനൊടുവിൽ.