എന്നെ കരുതുവാൻ കാക്കുവാൻ

എന്നെ കരുതുവാൻ കാക്കുവാൻ

പാലിപ്പാനേശു

എന്നും മതിയായവൻ

 

വരും ആപത്തിൽ നൽതുണ താൻ

പെരുംതാപത്തിൽ നൽതണൽ താൻ

ഇരുൾമൂടുമെൻ ജീവിതപാതയിലും

തരും വെളിച്ചവും അഭയവും താൻ

 

മർത്യരാരിലും ഞാൻ സഹായം

തെല്ലും തേടുകില്ല നിശ്ചയം

ജീവനാഥനെന്നാവശ്യങ്ങളറിഞ്ഞു

ജീവനാളെല്ലാം നടത്തിടുമേ

 

എന്റെ ഭാരങ്ങൾ തൻചുമലിൽ

വച്ചു ഞാനിന്നു വിശ്രമിക്കും

ദുഃഖവേളയിലും പുതുഗീതങ്ങൾ

ഞാൻ പാടിയാനന്ദിച്ചാശ്വസിക്കും

 

ഒരു സൈന്യമെനിക്കെതിരേ

വരുമെന്നാലും ഞാൻ ഭ്രമിക്കാ

തിരുചിറകുകളാലവൻ മറയ്ക്കുമതാലൊരു

ദോഷവും എനിക്കു വരാ

 

വിണ്ണിൽ വാസസ്ഥലമൊരുക്കി

വരും പ്രാണപ്രിയൻ വിരവിൽ

അന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേ

കണ്ണീർ പൂർണ്ണമായ് തോർന്നിടുമേ.