Vaazhthidume vaazhthumente

വാഴ്ത്തിടുമേ വാഴ്ത്തുമെന്റെ

നാഥനെ ഞാനെന്നും

കീർത്തിച്ചിടും തന്റെ ദിവ്യനാമം

 

എന്നെത്തേടി മന്നിൽ വന്ന നാഥാ! ഇന്നു

നിന്നെ വിട്ടു ഞാനെവിടെ പോകും?

നിന്നെ മാത്രം നോക്കി ക്രൂശെടുത്തു ഞാനും

വന്നിടുമേ നിൻ പിന്നാലെയെന്നും

 

ക്ഷീണിക്കാത്ത സാക്ഷിയായിത്തീരാൻ എന്നെ

വീണിടാതെ നിൻ ഭുജത്തിലേന്തി

താണിടാതെ നിത്യം മാറിടാതെ എന്നെ

താങ്ങിടണേ രക്ഷകാ! നീ എന്നും

 

വൻവിനകൾ വന്നിടുന്ന നേരം കർത്തൻ

തൻചിറകിൽ വിശ്രമം നൽകിടും

തേന്മൊഴികൾ നൽകി ആശ്വസിപ്പിച്ചിടും

കന്മഷങ്ങളാകെയങ്ങു തീരും

 

മുന്നമേ നിൻകണ്ണിലെന്നെ കണ്ടോഞാനും

ഒന്നുമേയറിഞ്ഞതില്ല നാഥാ!

വന്നു നിൻസവിധേയെല്ലാം അർപ്പിച്ചിടും വല്ലഭാ!

നിൻസേവയ്ക്കായ് പോകും

 

കർത്തൻതൻ ജനത്തെയങ്ങു ചേർക്കും അന്ന്

തുൻപമില്ലാ വീട്ടിൽ ഞാനും ചേരും

എൻവിലാപം മാറും കണ്ണുനീരും തോരും

ഹല്ലേലുയ്യാ ഗീതം ചേർന്നു പാടും.